Mon. Dec 23rd, 2024

ഉന്തിയ പല്ലിന്റെ പേരില്‍ അട്ടപ്പാടിയിലെ കുറുമ്പ ഗോത്രവർഗ വിഭാഗത്തിലെ യുവാവിന് സർക്കാർ ജോലി നഷ്ടമായതായി ആരോപണം. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തു എന്ന യുവാവിനാണ് ഇക്കാരണത്താൽ പിഎസ്എസി ജോലി നിഷേധിച്ചത്. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് മുത്തു അയോഗ്യനാണെന്ന് അറിയിക്കുന്നത്.

അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് ജോലി നിഷേധിച്ചതെന്ന് മുത്തു പറയുന്നു.

നവംബര്‍ 3-ന് നടന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നു നടന്ന കായികക്ഷമതാ പരീക്ഷയിലും മുത്തു വിജയിച്ചിരുന്നു. എന്നാൽ അഭിമുഖത്തിനുള്ള അറിയിപ്പു ലഭിച്ചില്ല. പാലക്കാട് ജില്ലാ പിഎസ്സി ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് എന്ന് രേഖപ്പെടുത്തിയതിനാല്‍ ജോലി നഷ്ടമായി എന്ന് അറിയുന്നത്.

ചെറുപ്രായത്തിൽ വീണതിനെ തുടർന്നാണ് മുത്തുവിന്റെ പല്ലിന് തകരാർ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും കാരണം ചികിത്സിക്കാനായില്ല.

അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഎസ്സി അറിയിച്ചു. ഇത് കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുന്‍പല്ല്) ഉള്‍പ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നാണ് അധികൃതര്‍ പറയുന്നത്.

അട്ടപ്പാടിയിലെ മുക്കാലിയിൽ നിന്നു 15 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണ് മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂർണ്ണമായും വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ് കുറുമ്പർ വിഭാഗം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.