Wed. May 8th, 2024

സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മനുഷ്യന്റെ മത്സര സ്വഭാവത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകത്തിന് സമാധാനം ആവശ്യമാണെന്നും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള മത്സരത്തില്‍ ബലിയാടാകുന്നത് ദുര്‍ബലരും കുട്ടികളുമാണെന്നും മാര്‍പാപ്പ പറഞ്ഞു. ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശ്വാസികളോട് സംസാരിക്കവെയാണ് മാര്‍പാപ്പയുടെ പ്രസ്താവന.

86 കാരനായ മാര്‍പാപ്പ വീല്‍ചെയറിലാണ് പള്ളിയിലെത്തിയത്. ‘മ്പത്തിന്റെയും അധികാരത്തിന്റെയും വിശപ്പില്‍ സ്വന്തം അയല്‍ക്കാരനെ വരെ ഭക്ഷിക്കുന്നു’, യുക്രൈയിനിലെ യുദ്ധത്തെയും കുരുതികളെയും പരാമര്‍ശിച്ച് മാര്‍പാപ്പ പറഞ്ഞു. ‘ലോകത്തിന് സമാധാനമാണ് ആവശ്യം. എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും സമാധാനം വന്നുചേരണം, ഇതിനായി സുമനസുള്ള എല്ലാ സ്ത്രീയും പുരുഷനും പ്രവര്‍ത്തിക്കണ’മെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ‘സമാധാനം ആരംഭിക്കുന്നത് വ്യക്തികളില്‍ നിന്നാണ്. യുദ്ധക്കൊതിയും ഉപഭോഗ സംസ്‌കാരവും പാടില്ല. ദുര്‍ബലരെയും കുട്ടികളെയും സംരക്ഷിക്കുന്ന ലോകമാണ് ഈ നാടിനാവശ്യമെന്നും’ മാര്‍പാപ്പ പറഞ്ഞു.

ഫെബ്രുവരിയില്‍ റഷ്യ തന്റെ അയല്‍രാജ്യത്തെ ആക്രമിച്ചതുമുതല്‍ എല്ലാ പൊതുവേദികളിലും യുദ്ധത്തിനെതിരെ മാര്‍പാപ്പ സംസാരിച്ചിരുന്നു. വര്‍ണ്ണാഭമായ ചടങ്ങില്‍ ആയിരക്കണക്കിന് പേരാണ് സാക്ഷ്യം വഹിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.