Sun. Dec 22nd, 2024

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ജനുവരി രണ്ടിന് വിധിപറയും. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 58 ഹര്‍ജികളില്‍ വാദംകേട്ടത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് ആഴത്തിലുള്ള പിഴവാണെന്നും നിയമപരമായ ടെന്‍ഡറുമായി ബന്ധപ്പെട്ട ഒരു നിര്‍ദേശവും സര്‍ക്കാരിന് സ്വന്തമായി ആരംഭിക്കാന്‍ കഴിയില്ലെന്നും അത് ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശയില്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. ചിദംബരം വാദിച്ചു.

സാമ്പത്തിക നയത്തിനുമേല്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍, അതിനര്‍ഥം കോടതി കൈയുംകെട്ടി നോക്കിയിരിക്കുമെന്നല്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു.

അതേസമയം, റിസര്‍വ് ബാങ്കിനോടുള്‍പ്പെടെ കൂടിയാലോചനകള്‍ നടത്തിയശേഷമാണ് തീരുമാനമെടുത്തതെന്നും കള്ളപ്പണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, നികുതിവെട്ടിപ്പ് തുടങ്ങിയവയ്ക്കെതിരെ പോരാടാനുള്ള വലിയ തന്ത്രത്തിന്റെ ഭാഗമാണ് നോട്ട് നിരോധനമെന്നും കേന്ദ്രം വാദിച്ചു. നോട്ട് നിരോധനംകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കില്‍പ്പോലും നടപടി റദ്ദാക്കാന്‍ അത് കാരണമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഡിസംബര്‍ ഏഴിന് നോട്ട് നിരോധന നയത്തിന്റെ പ്രസക്തമായ രേഖകള്‍ രേഖപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും സുപ്രീകോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മുദ്രവച്ച കവറില്‍ രേഖകള്‍ കോടതിക്ക് കൈമാറുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി അറിയിച്ചിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.