Thu. May 2nd, 2024

യുഎസ് ജനപ്രതിനിധി സഭ സ്ഥിതി ചെയ്യുന്ന ക്യാപിറ്റലിലുണ്ടായ ആക്രമണത്തിന് ഉത്തരവാദി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന് ഹൗസ് സിലക്ട് കമ്മിറ്റി റിപ്പോര്‍ട്ട്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ് നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്‌തെന്ന് 845 പേജുള്ള അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരത്തിലേറെപ്പേരുടെ മൊഴികള്‍, രേഖകള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയിലുകള്‍, കോള്‍ റെക്കോര്‍ഡുകള്‍ തുടങ്ങി അനേകം തെളിവുകള്‍ റിപ്പോര്‍ട്ടിലുള്ളതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പില്‍ തോറ്റ് വൈറ്റ് ഹൗസ് വിടേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് ഡോണള്‍ഡ് ട്രംപ് പരോക്ഷമായി കലാപത്തിന് ആഹ്വാനം നല്‍കിയത് എന്നാണ് ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ തീവ്ര നിലപാടുകാര്‍ വോട്ടെണ്ണല്‍ തടസപ്പെടുത്താന്‍ നടത്തിയ സംഘര്‍ഷത്തില്‍ ഏഴുപേരാണു മരിച്ചത്. ഈ സംഭവത്തിന് ഒരേയൊരു ഉത്തരവാദി ഡോണള്‍ഡ് ട്രംപ് ആണെന്ന് സിലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയടക്കം അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള അവസരങ്ങളില്‍നിന്ന് വിലക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ട്രംപിനെയും ആരോപണവിധേയരായ മറ്റുള്ളവരെയും വിചാരണ ചെയ്യണമെന്ന് നീതിന്യായ വകുപ്പിനോടും കമ്മിറ്റി ശുപാര്‍ശ ചെയ്തു.2021 ജനുവരി ആറിനാണ് ക്യാപിറ്റല്‍ ആക്രമണമുണ്ടായത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.