Mon. Dec 23rd, 2024

സംസ്ഥാനത്ത് കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിച്ചു. ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരും. കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. 

പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കോവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂര്‍ണ ജീനോമിക് സര്‍വയലന്‍സാണ് നടത്തും. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്പിളുകള്‍ അയയ്ക്കണം. ഏതെങ്കിലും ജില്ലകളില്‍ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം, രാജ്യാന്തര വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബര്‍ 24  രാവിലെ പത്തു മണി മുതല്‍ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. പരിശോധനയ്ക്കു വിധേയമാക്കേണ്ടവരെ ബന്ധപ്പെട്ട വിമാന കമ്പനിയാവണം തിരഞ്ഞെടുത്തു നല്‍കേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.