കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മുന്‍കരുതല്‍ ഡോസ് എടുക്കാത്തവര്‍ വാക്സീന് സ്വീകരിക്കാന്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുതിയ വകഭേദം കണ്ടെത്താന്‍ കൂടുതല്‍ സാമ്പിളുകളില്‍ ജനിതക ശ്രേണീകരണം നടത്തും. പ്രായമായ ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.
സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇങ്ങനെയുള്ളവര്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നമുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 79 പേര്‍ക്കും തിങ്കളാഴ്ച 36 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പരിശോധന കുറവായതിനാലാണ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍.