Mon. Dec 23rd, 2024

ബഫര്‍ സോണ്‍ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് 3നാണ് യോഗം ചേരുക. സുപ്രിംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദവും തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. അതോടോപ്പം, സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരും. 

അതേസമയം ഇടുക്കി ജില്ലയിലെ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന സര്‍വ്വേ നമ്പറുകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.

മൂന്നുദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനാതിര്‍ത്തിയിലെ വില്ലേജുകള്‍, ബഫര്‍ സോണ്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച വില്ലേജുകള്‍ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസര്‍മാരോട് ആണ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ബഫർ സോൺ വിഷയത്തിൽ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക് കടന്നു.ഇന്ന് അമ്പൂരിയിൽ പ്രതിഷേധം സംഗമം സംഘടിപ്പിക്കും.വൈകീട്ട് അഞ്ചിന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം.ബഫർ സോൺ വിഷയത്തിൽ കോൺഗ്രസിന്‍റെ സമരത്തിനും ഇന്ന് തുടക്കമാകും. കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകീട്ട് മൂന്നരയ്ക്കാണ് സമര പ്രഖ്യാപന കൺവെൻഷൻ. പ്രതിഷേധ പരിപാടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.