Wed. Nov 6th, 2024

സംസ്ഥാനത്ത് ലോകകപ്പ് ആഹ്‌ളാദത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഘോഷത്തിനിടെ മര്‍ദ്ദനമേറ്റു. കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അനുരാഗിന്റെ നില ഗുരുതരമാണ്. മൂന്നുപേരെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ആറു പേരെ കസ്റ്റഡിയില്‍ എടുത്തു.

തിരുവനന്തപുരം പൊഴിയൂരിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ എസ്.ഐക്ക് മര്‍ദ്ദനമേറ്റു. പൊഴിയൂര്‍ എസ്.ഐ എസ്.സജിക്കാണ് മര്‍ദ്ദനമേറ്റത്. പൊഴിയൂര്‍ ജംഗ്ഷനില്‍ സ്‌ക്രീന്‍ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം.

തലശ്ശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്.ഐ മനോജിനാണ് മര്‍ദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

കൊച്ചി കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു.

കൊട്ടാരക്കര പൂവറ്റൂരിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂവറ്റൂര്‍ സ്വദേശികളായ രാഹുല്‍, സുബിന്‍, ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്തെ വായനശാലയില്‍ ലോകകപ്പ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.