Mon. Dec 23rd, 2024

യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയെയും ഇറാനിലെ സ്ത്രീകളെയും ആദരിച്ച് ടൈംസ് മാഗസിന്‍. ടൈംസ് മാഗസിന്‍ 2022 -ലെ ഹീറോസ് ഓഫ് ദ ഇയര്‍’ ആയി ഹിജാബ് പ്രക്ഷോഭത്തില്‍ അണി നിരന്ന ഇറാനിലെ സ്ത്രീകളെ തെരഞ്ഞെടുത്തു. അവകാശങ്ങള്‍ക്ക് വേണ്ടി ഇറാനിലെ സ്ത്രീകള്‍ നടത്തിയ പോരാട്ടമാണ് അവരെ ഈ അംഗീകാരത്തിന് അര്‍ഹരാക്കിയത്. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് അവര്‍ പോരാടിയത്. ഇറാനിലെ സര്‍ക്കാരും മതകാര്യ പൊലീസും നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തിയതായി ടൈംസ് ചുണ്ടിക്കാട്ടി. ഇറാനിലെ സ്ത്രീകളുടെ പോരാട്ടം കാണിക്കുന്നത് അവര്‍ വിദ്യാസമ്പന്നരും സ്വതന്ത്രമായും മതേതരമായി ചിന്തിക്കുന്നവരും ആണെന്നാണ്. മുന്‍തലമുറയിലെ സ്ത്രീകളില്‍ നിന്നും അവര്‍ വ്യത്യസ്തരാണ് എന്ന് അതിലൂടെ വെളിപ്പെടുന്നു എന്നും ടൈം മാഗസിന്‍ അധികൃതര്‍ പറഞ്ഞു.
കുര്‍ദ്ദിഷ് സ്ത്രീയായ മഹ്സ അമിനിയുടെ ദാരുണമായ മരണത്തെ തുടര്‍ന്നാണ് ഇറാന്‍ കനത്ത പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഇറാനിലെ മതകാര്യ പൊലീസ്, ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരിയായ അമിനി മസ്തിഷ്‌ക മരണത്തെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടതായി ആണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അടിച്ചമര്‍ത്തുലകളില്‍ നിന്ന് പിന്നോക്കം പോകാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.
അതേസമയം, ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയെയും യുക്രൈന്റെ പോരാട്ടവീര്യത്തെയും ആണ് ടൈംസ് തെരഞ്ഞെടുത്തത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.