കൊച്ചി: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണു പ്രതീക്ഷ. എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തി മേളയ്ക്ക് തുടക്കം കുറിച്ചു മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോൾ ശാസ്ത്ര വിദ്യാഭ്യാസത്തിനു പ്രത്യേക ഊന്നൽ നൽകുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ‘ഇൻസ്‌പെയർ അവാർഡ്-മനാക്’ (മില്യൻ മൈൻഡ്‌സ് ഓഗ്മെന്റിങ് നാഷനൽ ആസ്പിരേഷൻസ് ആൻഡ് നോളജ്) ദേശീയ മത്സരത്തിൽ പങ്കെടുത്ത കേരളത്തിലെ വിവിധ സ്‌കൂളുകളിലെ 11 വിദ്യാർഥികൾക്കു മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.
ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ ഹൈബി ഈഡന്‍, എം.എല്‍.എമാരായ കെ.ജെ മാക്‌സി, കെ.ബാബു, റോജി എം.ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് എന്നിവര്‍ മുഖ്യാതിഥികളായി. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍. എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ്, എറണാകുളം എസ്.ആര്‍.വി എച്ച്.എസ്.എസ്, എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് എച്ച്.എസ്.എസ് എന്നിങ്ങനെ ആറു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.