Fri. Nov 22nd, 2024

സ്വാതന്ത്യ ഇന്ത്യയിൽ 1965 നു ശേഷമാണ് ഇന്ത്യയ്ക്ക് രൂപയ്ക്ക്  ഇടിവുണ്ടാവാൻ തുടങ്ങിയത്. 1980 കളിൽ 10 മുതൽ 20 വരെയാണ് ഉണ്ടായ ഇടിവെങ്കിൽ 1990-കളിൽ അത് 30 ആയി. നൂറ്റാണ്ടിന്റെ തുടക്കത്തിൽ അത് 44 ഇന്ത്യൻ രൂപയായി വീണ്ടുമിടിഞ്ഞു. എന്നാൽ ഇന്നത് എൺപതിനോട് അടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ ഒരു ഡോളർ 79.72 രൂപയ്ക്ക് തുല്യമാണ്. എന്തുകൊണ്ടായിരിക്കാം ഇന്ത്യൻ രൂപ ഇത്ര വേഗത്തിൽ ഇടിയുന്നത്? ഇത് എങ്ങനെയാണ് നമ്മളെ ബാധിക്കുന്നത്? ലോകമൊന്നാകെ ഇതിന്റെ പ്രതിഫലനങ്ങൾ എന്തായിരിക്കും? 

യുഎസിലെ പണപ്പെരുപ്പമാണ് നിലവിലെ സാഹചര്യത്തിനു പ്രധാനകാരണമായത്.  8.8% പണപ്പെരുപ്പമാണ് വിപണി പ്രതീക്ഷിച്ചതെങ്കിൽ യഥാർത്ഥത്തിൽ അത് 9.1 ശതമാനമായിരുന്നു. 41 വർഷത്തെ ഏറ്റവും ഉയർന്ന നില. ഈ ഉയർന്ന പണപ്പെരുപ്പത്തെ നേരിടാൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടി. അതോടെ ലോകത്തെ പ്രമുഖ കറൻസികൾക്കെതിരെ യുഎസ് ഡോളർ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 100 ബേസിസ് പോയിന്റ് വർദ്ധനയാണ് വിദഗ്ദ്ധർ ഇപ്പോൾ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഡോളറിന് ഇനിയും നേട്ടമുണ്ടാകും. 

ഇന്ത്യയുടെ വ്യാപാരക്കമ്മിയാണ് മറ്റൊരു കാരണം. പത്തു ഡോളറിന്റെ സാധനങ്ങൾ നിങ്ങൾ കയറ്റുമതി ചെയ്യുന്നുവെന്ന് കരുതുക. ഇതോടൊപ്പം പതിനഞ്ചു ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതിയും ചെയ്യുന്നുണ്ട്. ഇവിടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം അഞ്ച് ഡോളറാണ്. അതാണ് വ്യാപാരക്കമ്മി. നിലവിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ എക്കാലത്തെയും ഉയർന്ന, 24 ബില്യൺ ഡോളറിലേക്ക് കമ്മി എത്തിക്കഴിഞ്ഞു. 

ഇതുകൂടാതെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വിട്ട് നിൽക്കുന്നതും, എണ്ണവില വർദ്ധിക്കുന്നതും, ഗവണ്മെന്റ് കടത്തിലുള്ള വർദ്ധനവ്, കോവിഡിന്റെ ആഘാതം, വിലക്കയറ്റം എന്നിവയെല്ലാം രൂപയുടെ ഇടിവിനു കാരണമാകാം. 

ഇനി നിലവിലുള്ള രൂപയുടെ ഇടിവ് നമ്മളെ ഓരോരുത്തരെയും എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ഇന്ത്യ  ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ്. ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, എണ്ണ, തുടങ്ങി നിരവധി സാധനങ്ങൾ നമ്മൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഡോളർ ഉയരുന്നതിന് അനുസരിച്ച് ഇറക്കുമതിക്ക് കൂടുതൽ ചിലവ് വരും. അതുവരെ ഇന്ത്യ വാങ്ങിയതെല്ലാം ഇരട്ടി വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാകും. അതോടെ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത സാധനങ്ങൾക്കെല്ലാം വില വർദ്ധിക്കും. ഇതുകൂടാതെ വിദേശ യാത്രകൾക്കും, വിദ്യാർത്ഥികളുടെ വിദേശ പഠനത്തിന് ചിലവേറുന്നതിനും രൂപയുടെ മൂല്യം കുറയുന്നത് കാരണമാവും. വിദേശ വായ്പകൾ തിരിച്ചടക്കുമ്പോഴും കൂടുതൽ പണം നൽകേണ്ടി വരും. 

അതേസമയം, കയറ്റുമതി സ്ഥാപനങ്ങൾക്കും, ഐടി കമ്പനികൾക്കും, ഇന്ത്യക്ക് വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കും രൂപയുടെ ഇടിവ് ഒരു അവസരമായി മാറും.  പ്രവാസികൾക്കും നാട്ടിലേക്ക് പണം അയക്കുന്നവർക്കും ഇതൊരു മികച്ച സമയമാണ്. 

ഇനി ആഗോള തലത്തിൽ ഇതിന്റെ പ്രതിഫലനം എങ്ങനെയാണെന്ന് നോക്കാം. ഇന്ത്യൻ രൂപയ്ക്ക് മാത്രമല്ല ഇടിവ് വന്നിട്ടുള്ളത്. ഇന്തോനേഷ്യൻ റുപിയ, സൗത്ത് ആഫ്രിക്കൻ റാൻഡ്, ചൈനീസ് യുവാൻ തുടങ്ങി നിരവധി കറൻസികളും  അഞ്ച് മുതൽ ആറ് ശതമാനം വരെ ഇടിഞ്ഞിരിക്കുകയാണ്. ഇതിൽ ഏറ്റവും പരിതാപകരമായ അവസ്ഥ യൂറോയുടേതാണ്. 20 വർഷമായി ഡോളറിനേക്കാൾ മൂല്യമുള്ളതായിരുന്നു യൂറോ. എന്നാൽ ചൊവ്വാഴ്ച അതിൽ വലിയൊരു മാറ്റം വന്നു. യൂറോയുടെ അതേ മൂല്യത്തിലേക്ക് ഡോളറുമെത്തി. ഇന്ന് ഒരു ഡോളർ, ഒരു യൂറോയ്ക്ക് തുല്യമാണ്. 

ഇതെല്ലം വിരൽ ചൂണ്ടുന്നത് ആഗോളപ്രതിസന്ധിയിലേക്കാണ്. ലളിതമായി പറഞ്ഞാൽ, ജീവിതച്ചെലവ് ഇനിയുമുയരും. ഗോതമ്പിന്റെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് ഉയർന്നത്. എണ്ണവില 40% വും. ഈ രണ്ട് ഉത്പന്നങ്ങളാണ് ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും മൊത്തത്തിലുള്ള ചെലവുകൾ നിർണ്ണയിക്കുന്നത് എന്ന് കൂടി ഓർക്കണം. ഈ പ്രതിസന്ധി കാരണം 71 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴാമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. 

നിലവിലെ സാഹചര്യത്തോട്  ഓരോ ഗവൺമെന്റുകളും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. യുകെ പോലെയുള്ള ചില രാജ്യങ്ങൾ പണമിടപാടുകളിലാണ് വിശ്വസിക്കുന്നത്. എട്ട് ദശലക്ഷം കുടുംബങ്ങൾക്ക് രണ്ട് ഗഡുക്കളായി 650 പൗണ്ടാണ് യുകെ നൽകുന്നത്. ഇതുമൂലം കൂടുതൽ പണമിടപാടുകൾ നടക്കുമെന്നും, ഇത് സമ്പദ്‌വ്യവസ്ഥയെ ഉണർത്തുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ നിരവധി രാജ്യങ്ങൾ ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറല്ല. കാരണം പണമിടപാടുകൾക്ക് ഒരു പോരായ്മയുണ്ട്. നിങ്ങൾ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ പണം നിക്ഷേപിച്ചാൽ അത് പണപ്പെരുപ്പത്തിന് കാരണമാകും. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളും പലിശ നിരക്ക് ഉയർത്തി നിലവിലെ സാഹചര്യത്തെ നേരിടാനാണ് ശ്രമിക്കുന്നത്. 

ഈ ആഴ്ച ബാങ്ക് ഓഫ് കാനഡ പലിശ, ഒരു ശതമാനം വർദ്ധിപ്പിച്ചു, അതായത് 100 ബേസിസ് പോയിന്റ്. റിസർവ് ബാങ്ക് ഓഫ് ന്യൂസിലാൻഡും പലിശനിരക്ക് 0.5 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് കൊറിയയും അങ്ങനെ തന്നെയാണ്. 

അങ്ങനെയാണെങ്കിൽ ഇന്ത്യൻ റിസർവ് ബാങ്കിന്റെ കാര്യമോ? അവരുടെ അടുത്ത നയപ്രഖ്യാപനം ഓഗസ്റ്റിലാണ്. അപ്പോഴേക്കും യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കാം. അങ്ങനെയാണെങ്കിൽ 40 മുതൽ 50 ബേസിസ് പോയിന്റുകൾ വരെ വർദ്ധനവ് ഇന്ത്യൻ റിസർവ് ബാങ്കിൽ നിന്നും പ്രതീക്ഷിക്കാം. 

എന്തായാലും 2022 കടുപ്പമേറിയതും, 2023 സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യത കൂടുതലുള്ളതുമായിരിക്കുമെന്ന് ഒരു ഐഎംഎഫ് മേധാവി വിലയിരുത്തുന്നുണ്ട്. 2022-ന്റെ രണ്ടാം പകുതിയിൽ അമേരിക്കയിൽ നേരിയ മാന്ദ്യം ഉണ്ടാവുമെന്ന് ബാങ്ക് ഓഫ് അമേരിക്കയും സമ്മതിക്കുന്നുണ്ട്. അമേരിക്കയുടെ ജിഡിപി നാലാം പാദത്തിൽ 1.4 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം കാണിക്കുന്നത് മാന്ദ്യമുണ്ടാകുമെന്ന് തന്നെയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന എണ്ണവില ഉൾപ്പെടെ എല്ലാ സൂചകങ്ങളും ഇത് ശരി വെക്കുന്നുമുണ്ട്.

എന്നാൽ അടുത്ത കാലത്തെ ഡാറ്റ വളരെ രസകരമാണ്. റഷ്യയുടെ അധിനിവേശം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം, അതായത് മാർച്ച് മാസത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 128 ഡോളറിലെത്തിയിരുന്നു. ഇന്നത് 100 ഡോളറാണ്. യഥാർത്ഥത്തിൽ എണ്ണ വില ഇടിഞ്ഞു. അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്നലെ 100 ൽ താഴെയും എത്തിയിരുന്നു. ഇതെല്ലം അർത്ഥം വെയ്ക്കുന്നത് ആസന്നമായ സാമ്പത്തിക മാന്ദ്യമാണ്. 

ഒരു മാന്ദ്യം ഉണ്ടാകുമ്പോൾ സാമ്പത്തിക പ്രവർത്തനം കുറയും, ഫാക്ടറികൾ ഉത്പാദനം കുറയ്ക്കും, ഓഫീസുകൾ പൂട്ടും. തൽഫലമായി റോഡിൽ കാറുകൾ കുറയും, വായുവിൽ വിമാനങ്ങൾ കുറയും. അതിനാൽ എണ്ണയുടെ ആവശ്യം അതിവേഗം കുറയുന്നു, ഡിമാൻഡ് കുറയുമ്പോൾ വിലയും കുറയും. ഇത്തരത്തിൽ സാമ്പത്തിക  പ്രവർത്തനം കുറച്ചുകൊണ്ട് സാഹചര്യം മെച്ചപ്പെടുത്താമെന്നാണ് വിപണികളും പറയുന്നത്. കാരണം മാന്ദ്യം ഏറ്റവും മോശമായ അവസ്ഥയാണ്. 

സംയുക്ത പ്രവർത്തനത്തിലൂടെ മാത്രമേ ഈ മോശം സാഹചര്യത്തെ മറികടക്കാനാവൂ. ഈ വർഷം ബാലിയിൽ വെച്ച് നടക്കുന്ന ജി20 ഉച്ചകോടി ലോക നേതാക്കൾ ഒരു മികച്ച അവസരമാക്കി മാറ്റണം.  ഭക്ഷ്യ, ഇന്ധന വിലകളിലെ സമ്മർദ്ദം കുറയ്ക്കുന്നതിന് വിതരണ ക്ഷാമം ലഘൂകരിക്കാൻ നേതാക്കൾ ഉച്ചകോടിയിൽ തീരുമാനിക്കണം. ഇല്ലെങ്കിൽ നമ്മളെല്ലാം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും.