Mon. Nov 18th, 2024

എളങ്കുന്നപ്പുഴ:

പാലക്കാട് നെല്ലിയാമ്പതി സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചതോടെ ഗോശ്രീ ജംഗ്ഷന്‍ വീണ്ടും പേടിസ്വപ്നമാകുകയാണ്. നാലു ഭാഗത്തു നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തുന്ന ജംഗ്ഷനിൽ സംസ്ഥാന പാതയിൽ ദിശാബോർഡ് ഇല്ലാത്തത് ​അപകടങ്ങളുടെ ആക്കം കൂട്ടുന്നു. ഗോശ്രീ മൂന്നാം പാലത്തിലേക്കുള്ള പാതയിലാണ് ദിശാബോർഡ്. ഗതാഗതത്തിരക്കേറിയ ജംഗ്ഷനില്‍ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമാകുകയാണ്.

ദിശാബോർ‍ഡ് ഇല്ലാത്തതിനാൽ എറണാകുളത്തു നിന്നു ഗോശ്രീ പാലം കയറിയെത്തുന്ന വാഹനങ്ങൾ വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയുടെ മധ്യത്തിലെത്തുമ്പോഴാണ് എവിടേക്കു തിരിയണമെന്നു മനസ്സിലാകുക. ആദ്യം ഇവിടെ ദിശാബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും രണ്ട് മാസത്തിലധികമായി ഇത് തുരുമ്പെടുത്ത് നശിച്ചു പോയി. പുതിയ ദിശാബോര്‍ഡ് സ്ഥാപിക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പറവൂർ, മുനമ്പം മേഖലയിൽ നിന്നു ഫോർട്ട് വൈപ്പിനിലേക്കു പോകേണ്ട വാഹനങ്ങളിൽ ചിലത് ഇടത്തേക്കു തിരിഞ്ഞു മീഡിയൻ ചുറ്റി പോകുന്നതിനു പകരം നേരെ പോകുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇതു കൂടാതെ ദിശാബോർഡ് ഇല്ലാത്തതിനാൽ വഴിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കിഷോർ എന്ന 22 വയസ്സുകാരന്റെ ജീവൻ പൊലിയാൻ കാരണവും ഇതു തന്നെ. പറവൂരിൽ നിന്ന് വന്ന ഇരുചക്രവാഹനം ഇടത്തേക്കു തിരിഞ്ഞു മീഡിയൻ ചുറ്റി പോകുന്നതിനു പകരം നേരെ പോയതാണ് അപകടത്തിന് കാരണമായത്. ശരിയായ ദിശയിൽ പോകാത്തതിനാൽ കിഷോറിന്റെ ഇരുചക്രവാഹനത്തെ വാൻ വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാനിന്റെ അടിയിൽപ്പെട്ട യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫോർട്ട് വൈപ്പിനിൽ നിന്നു റോറോ വഴി എത്തുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഒന്നിച്ചു ജംഗ്ഷനിലെത്തുന്നത് കവലയില്‍ ഗതാഗതത്തിരക്കും സൃഷ്ടിക്കുന്നുണ്ട്. റോഡിന് വീതിയില്ലാത്തതും ​ഗതാ​ഗതത്തിരക്ക് സൃഷ്ടിക്കുന്നുണ്ട്. അപകടങ്ങളും ഇവിടെ ഇപ്പോള്‍ പതിവാണ്. ഇരു ചക്ര വാഹനങ്ങൾ ആണ് ​ഗോശ്രീ ജങ്ഷനിൽ കൂടുതലായും അപകടത്തിൽപ്പെടുന്നത്. ഗതാഗത തിരക്ക് കൂടിയ കവലയില്‍ എത്രയും പെട്ടന്ന് ട്രാഫിക് ലെെറ്റും ദിശാബോര്‍ഡും സ്ഥാപിച്ച് പരിഹാരം കാണണമെന്നും ​ഗോശ്രീ ജംഗ്ഷനെ വീണ്ടും അപകടക്കവലയാക്കി മാറ്റരുതെന്നുമാണ് നാട്ടുകാർ പറയുന്നത്.

വെെപ്പിൻകരയിൽ റോഡുകളുടെ വീതി കൂട്ടിയാൽ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്ന് വെെപ്പിൻ കെ എസ് ഇബിയിലെ ലെെൻമാനായ നോയൽ പറഞ്ഞു. നടപ്പാതകൾ ഒഴിവാക്കി ഇപ്പോൾ റോഡിന് വീതി കൂട്ടിയിരിക്കുകയാണ്. ആത്യന്തികമായി വെെപ്പിൻകരയിലെ അപകടങ്ങൾ ഒഴിവാക്കാൻ റോഡിന്റെ വികസനം ആവശ്യമാണ്. വാഹനപ്പെരുപ്പത്തിന് അനുസരിച്ച് റോഡിന്റെ വീതി കൂടി കൂട്ടണം. ഇതോടൊപ്പം തന്നെ ട്രാഫിക് സി​ഗ്നലും, ദിശാബോർഡുകളും, കാൽനടക്കാർക്ക് ക്രോസ് ചെയ്യാൻ സീബ്ര ലെെൻസും എല്ലാം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് നാളുകളായി തീരദേശ റോഡ് വരും വരുമെന്ന് പറയുന്നു. ഇതുവരെ നടപ്പിലായിട്ടില്ല. തീരദേശ റോഡ് എത്രയും പെട്ടന്ന് പ്രാവർത്തികമാക്കണമെന്നും വെെപ്പിൻ കെ എസ് ഇബിയിലെ ലെെൻമാനായ ജോബ് പറഞ്ഞു.

എറണാകുളം ഭാഗത്ത് നിന്ന് സംസ്ഥാന പാതയിലേക്ക് കടക്കുന്ന ഭാഗം ഇടുങ്ങിയതും വിസ്തൃതിയില്ലാത്തതുമാണ്. അശാസ്ത്രീയമായ രീതിയിലാണ് കവലയിലെ റൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. പല വലിയ വാഹനങ്ങളും പലപ്പോഴും മീഡിയനില്‍ ഇടിച്ചാണ് കടന്നുപോകുന്നതെന്നും ഗോശ്രീ ജങ്ഷനിലെ ഓട്ടോഡ്രെെവറായ ജയന്‍ പറഞ്ഞു.

ദിശ ബോര്‍ഡ് ഇല്ലാത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയാണ്. ഇതില്ലാത്തതിനാല്‍ത്തന്നെ ഇവിടെ കുറെയധികം അപകടങ്ങള്‍ തുടരെത്തുടരെ  നടക്കുന്നുണ്ട്. ഈ വഴി സുപരിചിതമല്ലാത്തവരാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. തന്‍റെ കണ്‍മുന്നില്‍ത്തന്നെ എത്ര അപകടങ്ങള്‍ ആണ് നടന്നിട്ടുള്ളതെന്ന് അപകടത്തില്‍പ്പെട്ട് കിഷോര്‍ എന്ന ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രെെവറായ സുധീഷ് പറയുന്നു. വലിയ വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. ട്രാഫിക് ലെെറ്റ് സിഗന്ല്‍ വന്നാല്‍ കുറെയധികം അപകടങ്ങള്‍ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam