Sat. Jan 18th, 2025

ഗ്യാൻവാപി വിഷയത്തിൽ കഴിഞ്ഞയാഴ്ച നടന്ന ടൈംസ് നൗ ടിവി സംവാദത്തിനിടെയായിരുന്നു നൂപുര്‍ ശര്‍മ വിവാദപരാമർശം നടത്തിയത്. ഇതിനു പിന്നാലെ ബിജെപി മീഡിയ മേധാവി നവീൻ ജിൻഡാലും പ്രവാചകനെക്കുറിച്ചുള്ള ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ശ്രീമതി ശർമ്മയുടെ അഭിപ്രായത്തിന് ശേഷം, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ പ്രശ്‌നങ്ങൾ വർദ്ധിക്കുകയും, കാൺപൂരിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടി 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

കാണ്‍പൂരില്‍ സംഘര്‍ഷം ശക്തമായപ്പോഴും പക്ഷെ ബിജെപി നേതൃത്വം മൗനം പാലിക്കുകയായിരുന്നു. നുപുര്‍ ശര്‍മ്മയുടെ വിവാദ പ്രസ്താവനയില്‍ അവർ യാതൊരു നിലപാടെടുത്തില്ലെന്ന് മാത്രമല്ല, വിഷയത്തെ കണ്ടതായി കൂടെ ഭാവിച്ചില്ല. പക്ഷെ പരാമർശത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ പ്രതികരിച്ചപ്പോൾ ബിജെപിക്ക് നിലപാട് വ്യക്തമാക്കി, നടപടി എടുക്കേണ്ടി വന്നു. 

ഇന്ത്യക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അറബ് രാജ്യങ്ങൾ ഉയർത്തുന്നത്. നൂപുര്‍ ശര്‍മയുടെ പ്രസ്താവന അധിക്ഷേപകരമെന്ന് വിശേഷിപ്പിച്ച സൗദി വിദേശകാര്യ മന്ത്രാലയം, മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. കുവൈത്ത് ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചുവരുത്തുകയും, ഈ ശത്രുതാപരമായ പ്രസ്താവനകൾക്ക് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തുടരുന്നത് തീവ്രവാദവും വിദ്വേഷവും വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും കുവൈത്ത് അഭിപ്രായപ്പെട്ടു. 

ദോഹയിൽ ഇന്ത്യൻ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധ കത്ത് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ സർക്കാരിൽ നിന്ന് പരസ്യമായ ക്ഷമാപണം ആവശ്യപ്പെട്ട ഖത്തർ, ഈ പരാമർശങ്ങളിൽ ഇന്ത്യ അപലപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. 

“ഇന്ത്യൻ ടിവി ഷോയിൽ ഇസ്ലാം പ്രവാചകനെ അപമാനിച്ചു” എന്ന് ഇറാനിലെ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദിയിലെ ജിദ്ദ ആസ്ഥാനമായുള്ള 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനും (ഒഐസി) പ്രസ്താവനയെ അപലപിക്കുകയും, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തുകയും ചെയ്തു. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാർലമെൻറിൽ പ്രമേയം കൊണ്ടു വന്നു. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്ന് യുഎഇയും പ്രതികരിച്ചിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങൾ തടയാനും നടപടിയുണ്ടാകണമെന്നാണ് അവർ വ്യക്തമാക്കിയത്. 

ഇതോടൊപ്പം ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങൾ ഗൾഫിലെ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അൽ ഖലീലിയുടെ ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമർശനങ്ങളാണുള്ളത്. ഈജിപ്ത്, സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വിവാദ പരാമർശവുമായി ബന്ധപ്പെട്ടതും, പ്രത്യേകിച്ച് മോദിക്കെതിരെ ഉള്ളതുമായ ഹാഷ്ടാഗുകൾ  ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. മോദിയുടെ മുഖത്ത് ചെരുപ്പിന്റെ അടയാളം പതിപ്പിച്ച ചിത്രങ്ങളും പലരും പ്രചരിപ്പിക്കുന്നുണ്ട്. 

ഇന്ത്യക്ക് പുറത്ത് മാത്രമല്ല, ഇന്ത്യക്കകത്തും വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വെറുപ്പ് വിദ്വേഷം മാത്രമേ വളര്‍ത്തൂ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂവെന്നും, ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നുമാണ് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ പ്രതികരിച്ചത്. ബിജെപിയുടെ രീതി കാരണം രാജ്യത്തെ എല്ലാ മതേതര പൗരന്‍മാരും ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയിലാണെന്നും, ഇപ്പോൾ പ്രവാസി ഇന്ത്യക്കാരും ഇതിനു ഇരയായെന്നുമാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. മോദിയുടെ 8 വര്‍ഷത്തെ ഭരണത്തില്‍ ഭാരതമാതാവ് അപമാനഭാരത്താല്‍ തലകുനിച്ചെന്ന് മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും വിമര്‍ശിച്ചിട്ടുണ്ട്. 

അതെ സമയം, പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ദേശീയവക്താവ് നൂപുര്‍ ശര്‍മയെയും, പാര്‍ട്ടിയുടെ ഡല്‍ഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും ബിജെപി പ്രാഥമികാംഗത്വത്തില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പ്രസ്ഥാനത്തിലെ തീവ്ര മനോഭാവമുള്ളവരാണ് പരാമർശങ്ങൾ നടത്തിയതെന്നും സർക്കാരിന്റെ അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നുമായിരുന്നു ഇന്ത്യൻ ഗവണ്മെന്റിന്റെ പക്ഷം. രണ്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയ തീരുമാനത്തെ സൗദി അറേബ്യയും ബഹ്‌റൈനും സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും എതിരാണ് തങ്ങളെന്നും, ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ആളുകളെയോ തത്വശാസ്ത്രത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഞായറാഴ്ച ഇറങ്ങിയ ബിജെപിയുടെ പ്രസ്താവനയിൽ പറയുന്നു. 

എന്നാൽ ഈ ന്യായീകരണം കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനയിൽ, പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് അങ്ങനെ കൈയൊഴിയാനുമാവില്ല. നാട്ടില്‍ മതഭ്രാന്ത് പ്രകടിപ്പിക്കുന്നവര്‍ വിദേശത്തെ അനന്തരഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന തരൂരിന്റെ മുന്നറിയിപ്പ് ഇവിടെ ഏറെ പ്രസക്തമാണ്. തന്റെ സ്പോൺസർഷിപ്പിൽ നിന്നിരുന്ന ആശാരിയായ ഇന്ത്യക്കാരിലൊരാളെ ഈ പ്രശ്നത്തിന്റെ പേരിൽ പറഞ്ഞുവിട്ടെന്ന ഒരു അറബിക് പൗരന്റെ ട്വീറ്റ് ഇതിനിടെ വന്നിരുന്നു. ഏകദേശം 9 മില്യൺ ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നത്.  ഇതേ പേരിൽ ഇനി എത്ര പേരുടെ ജോലി പോകുമെന്ന്, എത്ര  പേർക്ക് ശമ്പളം ലഭിക്കാതാവുമെന്ന്, എത്ര പേര് ഇതിന്റെ തിക്തഫലങ്ങൾ അന്യനാട്ടിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വരുമെന്നത് ആശങ്കയുണർത്തുന്നതാണ്. 

അവിടം കൊണ്ടും തീരുന്നില്ല. അറബ് രാജ്യങ്ങളെ മുഷിപ്പിക്കുന്നത് ഇന്ത്യൻ വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) എന്നറിയപ്പെടുന്ന ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിൽ നിന്നാണ്. എൽഎൻജിയുടെ ഇന്ത്യയിലെ മുൻനിര വിതരണക്കാർ ഖത്തറാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ ഊർജ ആവശ്യങ്ങളിൽ ഭൂരിഭാഗവും ആറ് ജിസിസി രാജ്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ ഏതാണ്ട് 15 ശതമാനവും ഈ രാജ്യങ്ങളുടേതാണ്.

2021-22 ൽ, ജിസിസിയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 154 ബില്യൺ ഡോളറും അതിന്റെ വ്യാപാര കമ്മി ഏകദേശം 67 ബില്യൺ ഡോളറുമാണ്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം യുഎസിനും ചൈനയ്ക്കും ശേഷം ജിസിസി രാജ്യങ്ങളിൽ, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎഇ ആണ്. യുഎഇയുമായുള്ള വ്യാപാരം ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ ഏഴ് ശതമാനത്തിലധികം വരും. 2021-22 ലെ ഏറ്റവും പുതിയ ലഭ്യമായ ഡാറ്റ പ്രകാരം, ഇന്ത്യ 28 ബില്യൺ ഡോളറിന്റെ ചരക്കുകളും സേവനങ്ങളും കയറ്റുമതിയും, ഏകദേശം 45 ബില്യൺ ഡോളറിന് ഇറക്കുമതിയും ചെയ്തിട്ടുണ്ട്. പ്രത്യക്ഷത്തിൽ വ്യാപാരത്തെ മാത്രം  എന്ന് തോന്നുമെങ്കിലും, രാജ്യത്തിന്റെ എല്ലാ മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും. 

ഇനി ഇതിനെല്ലാം ഇടയിൽ, ഇന്ത്യയിൽ വലിയൊരു ജനവിഭാഗം ഖത്തർ അടക്കമുള്ള രാജ്യങ്ങൾക്കെതിരെയും തിരിഞ്ഞിട്ടുണ്ട്. ബോയ്‌കോട്ട് ഖത്തർ എയർവെയ്‌സ് എന്ന ഹാഷ്ടാഗാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ട്രെൻഡിങ്ങിൽ ഉള്ളത്. ഭാരത് മാതയെ അപമാനിച്ച എംഎഫ് ഹുസൈന് പൗരത്വം നൽകിയ ഖത്തർ മാപ്പ് പറയണമെന്ന് കാണിച്ചും,  മോദിയുടേത് പോലെ എംഎഫ് ഹുസൈന്റെയും ഖത്തർ രാജാവിന്റെയും ചിത്രങ്ങളിൽ ചെരുപ്പിന്റെ അടയാളം പതിപ്പിച്ച ചിത്രങ്ങളുമാണ് ഇതിൽ ഷെയർ ചെയ്തിരിക്കുന്നത്. 

എന്തായാലും രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ ഇന്ത്യ തിരക്കിട്ട നീക്കത്തിലാണ്. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കരുതുന്നത്. എന്തായാലും അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന നരേന്ദ്ര മോദിക്ക്, ഇത് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. ഇതോടൊപ്പം വലിയൊരു ശതമാനം ഇന്ത്യക്കാർ  നൂപുര്‍ ശര്‍മയ്ക്കും നവീനും പിന്തുണ നൽകുകയും, ഖത്തർ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നത് വിഷയം കൂടുതൽ സങ്കീർണമാക്കുമെന്നതും, ഇന്ത്യൻ സർക്കാരും മോദിയും പ്രശ്നം പരിഹരിക്കാൻ അൽപം വിയർക്കുമെന്നതും ഉറപ്പാണ്.