Sat. Jan 18th, 2025
ന്യൂഡൽഹി:

കേന്ദ്രസര്‍ക്കാരിന്‍റെ യുക്രൈന്‍ ദൗത്യത്തിനെതിരെ ബിജെപി എം പി വരുണ്‍ ഗാന്ധി. ഉചിതമായ സമയത്ത് നടപടിയുണ്ടായില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. യുക്രൈനിലെ ദുരിതം ഒരു വിദ്യാര്‍ത്ഥി വിവരിക്കുന്ന വിഡിയോ  ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത്.

സര്‍ക്കാര്‍ നല്‍കിയ നമ്പറില്‍ വിളിച്ചാല്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ ഫോണെടുക്കുന്നില്ല. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് പറയുന്നത്. അവിടേക്ക് എത്താന്‍ കഴിയുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥി പറയുന്നത്.

കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് ഔദാര്യമല്ലന്നും കടമയാണെന്നും സര്‍ക്കാര്‍ ഓര്‍ക്കണമെന്ന വിമര്‍ശനമാണ് വിഡിയോ ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധി പറയുന്നത്. പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തുന്നു. യുക്രൈന്‍ സൈന്യം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് രാഹുല്‍ഗാന്ധി കേന്ദ്രത്തിനെതിരെ തിരിയുന്നത്.

ഒരു രക്ഷിതാവും ഈ രംഗം കണ്ടിരിക്കില്ലെന്നും എന്താണ് രക്ഷാദൗത്യ പദ്ധതിയെന്ന് വിദ്യാര്‍ത്ഥികളുടെ കുടംബങ്ങളെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രക്ഷാദൗത്യം പരാജയമാണെന്ന വിമര്‍ശനം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്. യുക്രൈന്‍ രക്ഷാ ദൗത്യം വന്‍ വിജയമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതിന് പിന്നാലെയാണ് പല കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമാകുന്നത്. 

അതേസമയം കേന്ദ്രമന്ത്രിമാരെ യുക്രൈന്‍റെ അതിർത്തി രാജ്യങ്ങളിൽ നിയോഗിച്ച് ഓപ്പറേഷൻ ഗംഗ വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് രക്ഷാദൗത്യത്തിന് മന്ത്രിമാരെ നേരിട്ടയക്കാൻ തീരുമാനമായത്.