കോഴിക്കോട്:
ജില്ലയിൽ കംപ്രസ്ഡ് നാച്വുറൽ ഗ്യാസ് (സിഎൻജി) ക്ഷാമം അതിരൂക്ഷമായതോടെ വാഹന ഉടമകൾ ദുരിതത്തിലായി. ആവശ്യാനുസരണം ഇന്ധനം കിട്ടാത്തതോടെ നൂറോളം ഓട്ടോകളാണ് നഗരത്തിൽ മാത്രം സർവിസ് നിർത്തിയത്. സിഎൻജിയിലേക്ക് മാറിയ മറ്റുവാഹനങ്ങളുടെയും പുതുതായി നിരത്തിലിറങ്ങിയ വാഹനങ്ങളുടെയും സ്ഥിതി വിഭിന്നമല്ല.
മതിയായ ലോഡ് കൊച്ചിയിൽനിന്ന് എത്താത്തതോടെ നഗരപരിധിയിലെ പാവമണി റോഡ്, വയനാട് റോഡ്, എരഞ്ഞിപ്പാലം മിനി ബൈപാസ് എന്നിവിടങ്ങളിലെ ഫില്ലിങ് സ്റ്റേഷനുകൾക്കു മുന്നിൽ രാപ്പകൽ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ നീണ്ട നിരയാണ്. കൊച്ചിയിൽനിന്ന് ലോഡ് ലഭിച്ചശേഷം ബന്ധപ്പെട്ട ഫില്ലിങ് സ്റ്റേഷനുകളിൽ ഇത്രമണിക്ക് ലോഡ് എത്തുമെന്നറിയിക്കുകയും ഇവ സിഎൻജി ഓട്ടോകൂട്ടായ്മയുടെ വാട്സ്ആപ് ഗ്രൂപ്പിൽ അറിയിച്ചെല്ലാമാണ് മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പൊഴിവാക്കാൻ ശ്രമങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം സിഎൻജി വിതരണം നഗരപരിധിയിൽ പൂർണമായും നിലച്ചിരുന്നു.
അന്തരീക്ഷ മലിനീകരണതോതിലെ കുറവ്, ഇന്ധന ലാഭം, കൂടുതൽ വരുമാനം എന്നിവ മുൻനിർത്തി സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അടുത്തിടെ സിഎൻജിയിലേക്ക് മാറിയിരുന്നു. എന്നാൽ, ഇതിനൊത്ത് ഫില്ലിങ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിച്ചില്ല. ലോഡുകളുടെ വരവിൽ കുറവുണ്ടാവുകയും ചെയ്തു. ഇതാണ് ക്ഷാമം രൂക്ഷമാക്കിയത് എന്നാണ് വാഹന ഉടമകൾ പറയുന്നത്.
നഗര പരിധിക്കുപുറമെ പറമ്പിൽ ബസാർ, ചേമഞ്ചേരി, ഉള്ള്യേരി, രാമനാട്ടുകര, കുറ്റ്യാടി എന്നിവിടങ്ങളിലുമാണ് സിഎൻജി സ്റ്റേഷനുകളുള്ളത്. ജില്ലയിൽ ആയിരത്തി അഞ്ഞൂറോളം സിഎൻജി ഓട്ടോകളാണുള്ളത്. ബസുകളുൾപ്പെടെ മറ്റുവാഹനങ്ങൾ വേറെയും. നാലായിരം കിലോയിലേറെ സിഎൻജിയാണ് ജില്ലയിൽ ഒരുദിവസം ആവശ്യമുള്ളത്.