Sun. Dec 22nd, 2024
യുക്രൈൻ:

യുദ്ധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം വ്യാപിപ്പിക്കുകയാണ്. യുക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്.

റഷ്യൻ എംബസിക്ക് സമീപമുള്ള സെൻട്രൽ ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിലേക്ക് ആയിരക്കണക്കിന് ആളുകൾ എത്തിയതിനാൽ ജർമ്മൻ തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ ട്രയിന്‍ ഗതാഗതം തടസപ്പെട്ടു.

യുക്രൈന്‍റെ പതാകയുടെ നിറമായ നീലയും മഞ്ഞയും കലര്‍ന്ന വസ്ത്രങ്ങളാണ് പല പ്രതിഷേധക്കാരും ധരിച്ചത്. യുദ്ധം നിർത്തുക, പുടിന്‍റെ അവസാന യുദ്ധം, ഞങ്ങൾ യുക്രൈനിനൊപ്പം എന്നിങ്ങനെയുള്ള ബോർഡുകളുമായി പ്രതിഷേധക്കാര്‍ തലസ്ഥാനം കീഴടക്കിയത്.

യുക്രേനിയന്‍, യൂറോപ്യന്‍ യൂണിയന്‍ പതാകകളും പ്രതിഷേധക്കാര്‍ കയ്യിലേന്തിയിരുന്നു. ഏകദേശം 20,000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് പ്രതിഷേധക്കാരുടെ എണ്ണം ആറക്കം കടക്കുകയായിരുന്നു.

ലണ്ടൻ, പാരീസ്, റോം, ബ്രസൽസ്, വിയന്ന, മാഡ്രിഡ്, സോഫിയ എന്നിവയുൾപ്പെടെ പല യൂറോപ്യൻ നഗരങ്ങളിലും ഞായറാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.