Wed. Nov 6th, 2024
തൃശൂർ:

‘ആന വണ്ടി’ എന്ന്‌ വിളിപ്പേരുള്ള കെഎസ്‌ആർടിസിയിൽ ദിനംപ്രതി യാത്രാ സർവീസ്‌ മാത്രമല്ല, ഇനി വിനോദയാത്രക്കും തയ്യാർ. വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതകൾക്ക്‌ പ്രത്യേക വിനോദയാത്ര ഒരുക്കുന്നു. മാർച്ച്  എട്ടുമുതൽ 13 വരെയാണ്‌ പ്രത്യേകയാത്രകൾ.

തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട ഡിപ്പോകളിൽനിന്നും വിനോദസഞ്ചാര യാത്ര  പുറപ്പെടും. കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ രൂപീകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. തൃശൂരിൽനിന്ന് മാർച്ച് രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ മലക്കപ്പാറയിലേക്കാണ്‌  യാത്ര.  ഒരാൾക്ക്‌  400 രൂപയാണ്‌  നിരക്ക്.

മലക്കപ്പാറ യാത്രയിൽ വന്യ സൗന്ദര്യം ആസ്വദിക്കാനാവും. രാവിലെ പുറപ്പെട്ട്‌ രാത്രി  തിരിച്ചെത്തും.12ന്‌ രണ്ട്‌ ബസ്‌ പുറപ്പെടും. ഇതിലുള്ള ബുക്കിങ് പൂർത്തിയായി.

13ന്‌ ഒരു ബസാണ്‌ പുറപ്പെടുക, ഇതിൽ  സ്‌ത്രീകൾക്കൊപ്പം കുടുംബാംഗങ്ങൾക്കും യാത്ര ചെയ്യാമെന്ന്‌  ഡിടിഒ വി എം താജുദ്ദീൻ പറഞ്ഞു.
ഇരിങ്ങാലക്കുട ഡിപ്പോയിൽനിന്ന് വനിതകൾക്കായി മാർച്ച്‌ എട്ടിന്‌ വണ്ടർലാ ട്രിപ്പുണ്ട്‌. 875 രൂപയാണ്‌ നിരക്ക്‌.

മാർച്ച്‌ എട്ടു മുതൽ 13 വരെ മൂന്നാർ, മലക്കപ്പാറ, നെല്ലിയാമ്പതി, മുസിരിസ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും  യാത്രയുണ്ട്‌. രാവിലെ പോയി രാത്രി മടങ്ങാം. കാനനപാതയിലൂടെയാണ്‌ മൂന്നാർ യാത്ര. ഭക്ഷണമടക്കം 800 രൂപയാണ്‌ നിരക്ക്‌.  നെല്ലിയാമ്പതിയിലേക്ക് ഭക്ഷണമടക്കം 680 രൂപ.

ബോട്ടിങ്ങുൾപ്പെടെ മുസിരിസ് യാത്രയ്ക്ക് ഭക്ഷണമടക്കം 850 രൂപ. മലക്കപ്പാറ യാത്രയ്ക്ക് ഭക്ഷണമില്ലാതെ 360 രൂപയാണ് നിരക്ക്‌. കൊച്ചി  സാഗരറാണി കടൽ യാത്രയുമുണ്ടാവും. മാർച്ച് എട്ടുമുതൽ 13വരെയുള്ള  ദിവസങ്ങളിൽ  ചാലക്കുടിയിൽനിന്നും മൂന്നാർ, ഇഞ്ചത്തൊട്ടി, ഭൂതത്താൻ കെട്ട്‌ ഡാം, തട്ടേക്കാട്‌, മാമലക്കണ്ടം, മലക്കപ്പാറ, സാഗരറാണി കടൽ യാത്ര എന്നീ വിനോദയാത്രകൾ  പുറപ്പെടും.