ന്യൂഡൽഹി:
യുദ്ധഭൂമിയായ യുക്രെയ്നിൽനിന്ന് റഷ്യ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കം തുടങ്ങി. പടിഞ്ഞാറൻ അതിർത്തി വഴി ആറു വിമാനങ്ങളിലായി ആയിരത്തിൽപരം പേരെ ഒഴിപ്പിക്കാൻ നടപടി പൂർത്തിയാക്കിയ ശേഷമാണ് യുദ്ധം രൂക്ഷമായ കിഴക്കൻ മേഖലയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യ റഷ്യയെ സമീപിച്ചത്.
യുദ്ധം തുടങ്ങിയതുതൊട്ട് മലയാളി വിദ്യാർത്ഥികൾ വിഡിയോകളിലൂടെയും മാധ്യമങ്ങളിലൂടെയും ഉന്നയിച്ച റഷ്യ വഴിയുള്ള ഒഴിപ്പിക്കൽ റഷ്യൻ സ്ഥാനപതിയുമായി ചർച്ച ചെയ്തെന്ന് കേന്ദ്ര വിദേശ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസിയിലെ സെക്രട്ടറി തല ഉദ്യോഗസ്ഥനെ അതിർത്തിയിലേക്ക് അയച്ചിട്ടുണ്ട്. ഇതു കൂടാതെ, മൊൾഡോവ വഴി ഇന്ത്യക്കാരെ കൊണ്ടുവരാൻ വിദേശ മന്ത്രി ജയശങ്കർ ആ രാജ്യത്തിന്റെ വിദേശ മന്ത്രിയെ വിളിച്ചു.