Wed. Jan 8th, 2025
അഗളി:

ആനയും പുലിയുമിറങ്ങുന്ന റോഡിൽ പാതിരാത്രിയിൽ 108 ആംബുലൻസ് പ്രസവമുറിയായി. ഡ്രൈവറും ടെക്നീഷ്യനും രക്ഷകരായി. വിദൂര ഊരിലെ ഗോത്രയുവതിക്കു സുഖപ്രസവം.

അട്ടപ്പാടി പാലൂർ ദൊഡ്ഗട്ടി ഊരിലെ ഈശ്വരന്റെ ഭാര്യ രാധ (27) ആണ് ശനിയാഴ്ച രാത്രി ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. രാത്രി പന്ത്രണ്ടരയോടെ രാധയ്ക്കു പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്നു ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സഹായം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ലഭിച്ചതിനെത്തുടർന്നു കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിലെ 108 ആംബുലൻസുമായി എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിന്റോ ജോസും ഡ്രൈവർ കെഎം ലിനേഷും ഊരിലെത്തി.

റോഡ് തകർന്നു കിടക്കുകയായതിനാൽ ഊരിലേക്ക് ആംബുലൻസിന് എത്താനായില്ല. യുവതിയെ സ്ട്രെച്ചറിൽ ചുമന്ന് ആംബുലൻസിൽ എത്തിച്ചു.ആശുപത്രിയിലേക്കുള്ള പകുതി വഴി പിന്നിട്ടപ്പോഴേക്കും രാധയുടെ ആരോഗ്യനില വഷളായി.

പ്രസവം എടുക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്നു മനസ്സിലാക്കിയ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിന്റോ ജോസ് ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ചീരക്കടവിൽ റോഡരികിൽ നിർത്തിയ ആംബുലൻസിൽ പുലർച്ചെ 1.40നു രാധ പെൺകുഞ്ഞിനു ജന്മം നൽകി. പൊക്കിൾക്കൊടി മുറിച്ച് യുവതിക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചു.