യുക്രൈൻ:
ഇന്ധനവില ഉയർന്നതോടെ വിമാന ടിക്കറ്റ് നിരക്കുകളും വർദ്ധിച്ചേക്കും. എണ്ണയുടെ കരുതൽശേഖരം വിപണിയിൽ ഇറക്കി വില കുറച്ചു കൊണ്ടുവരാൻ ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും നീക്കമാരംഭിച്ചു.
കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഗൾഫ് ഉൾപ്പെടെ ലോക രാജ്യങ്ങൾ നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇത് ട്രാവൽ, ടൂറിസം മേഖലയിൽ വലിയ ഉണർവ് രൂപപ്പെടുത്തിയിരുന്നു. വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനയും പ്രകടമാണ്. എന്നാൽ റഷ്യയുടെ യുക്രൈൻ യുദ്ധം ട്രാവൽ, ടൂറിസം മേഖലയെ വീണ്ടും തളർത്തി.
ലോകത്തുടനീളം വിമാന യാത്രാ നിരക്കിൽ വർധന ഉണ്ടാകുമെന്ന സൂചനയാണ് വ്യോമയാന വിദഗ്ധരും സ്ഥാപനങ്ങളും നൽകുന്നത്. എണ്ണവില വർധന തുടർന്നാൽ കരുതൽ ശേഖരം പ്രയോജനപ്പെടുത്തേണ്ടി വരുമെന്ന് ഇന്ത്യയും വ്യക്തമാക്കി. യുക്രൈൻ യുദ്ധ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ യോഗം തിങ്കളാഴ്ച നടക്കും.