കിയവ്:
ലോക ബോക്സിങ് താരങ്ങളായ ക്ലിച്‌കോ സഹോദരന്മാർ യുക്രെയ്നുവേണ്ടി റഷ്യക്കെതിരായ യുദ്ധത്തിലാണ്. ഇടിക്കൂട്ടിൽ എതിരാളികൾക്ക് മുന്നിൽ പതറിയിട്ടില്ലാത്ത വിതാലി ക്ലിച്‌കോവിനും സഹോദരൻ വ്ലദിമിർ ക്ലിച്‌കോവിനും യുദ്ധത്തിന് ഇറങ്ങാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. കീവ് മേയർ കൂടിയാണ് വിതാലി ക്ലിച്‌കോവ്.
‘എനിക്ക് മറ്റ് മാർഗമില്ല. യുദ്ധത്തിനിറങ്ങിയേ പറ്റൂ’- അൻപതുകാരനായ വിതാലി ക്ലിച്‌കോവ് പറയുന്നു. ‘എനിക്ക് യുക്രെയ്നിൽ വിശ്വാസമുണ്ട്. എന്റെ രാജ്യത്തെ വിശ്വാസമുണ്ട്, എന്റെ ജനങ്ങളിൽ വിശ്വാസമുണ്ട്’- വിതാലി ക്ലിച്‌കോവ് വികാരനിർഭരനായി മാധ്യമങ്ങളോട് പറഞ്ഞു.
യുക്രൈന്റെ റിസർവ് സേനയുടെ ഭാഗമായിരുന്ന വ്ലദിമിർ ക്ലിച്‌കോവും യുദ്ധത്തിന് തയാറായി രംഗത്തുണ്ട്. വ്യാഴാഴ്ചയാണ് റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്. റഷ്യയുടെ പ്രതീക്ഷക്ക് വിരുദ്ധമായി വലിയ ചെറുത്തുനിൽപാണ് യുക്രെയ്നിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.