Mon. Dec 23rd, 2024
തേഞ്ഞിപ്പാലം:

ദേശീയപാത വികസന ഭാഗമായി മുറിച്ചുമാറ്റുന്ന ക്ഷേത്രമുറ്റത്തെ കള്ളിമരങ്ങള്‍ക്ക് പുതുജീവനൊരുക്കി അഷ്‌റഫ്. രണ്ട് നൂറ്റാണ്ടിലധികം പഴക്കം കരുതുന്ന ചെട്ട്യാര്‍മാട് പൈങ്ങോട്ടൂരിലെ ആശാരിക്കണ്ടി ശ്രീ ഭവഗതി കണ്ടത്തുരാമന്‍ ക്ഷേത്രമുറ്റത്തെ കള്ളിമരങ്ങളാണ് ഇനി മറ്റൊരു പറമ്പിൽ തലയെടുപ്പോടെ വളരുക. ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമികളില്‍ മരങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍ അപ്രതീക്ഷിതമായെത്തിയ നിയോഗത്തിന് വഴിമാറുകയായിരുന്നു ഈ രണ്ടു കള്ളിമരങ്ങള്‍.

വികസന ഭാഗമായി പരിസരത്തെ മരങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ അവശേഷിച്ച കള്ളിമരം പ്രകൃതിസ്നേഹിയായ പിഎ മുസ്തഫയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. മൂന്നു നൂറ്റാണ്ടോളം പഴക്കം കരുതുന്ന മരങ്ങളെ സംരക്ഷിക്കണമെന്ന ആഗ്രഹം ക്ഷേത്ര കമ്മിറ്റിയെ അറിയിച്ചു. മരങ്ങള്‍ക്ക് പുതുജീവനൊരുങ്ങുമെന്നത് അറിഞ്ഞതോടെ കമ്മിറ്റിയും പൂര്‍ണ പിന്തുണ നല്‍കി. മുസ്തഫയുടെ നേതൃത്തില്‍ തൊഴിലാളികളും ലോറിയും സ്ഥലത്തെത്തി.

മരങ്ങള്‍ വേരോടെ മൊത്തമായി കൊണ്ടുപോകാനായിരുന്നു ഉദ്ദേശ്യമെങ്കിലും നാട്ടിലെ റോഡിലൂടെയുള്ള നീക്കം തടസ്സമായി. യന്ത്രത്തിന്റെ സഹായത്തോടെ മരങ്ങളെ കഷണങ്ങളാക്കിയാണ് മുസ്തഫ തന്റെ ആല്‍പ്പറമ്പിലുള്ള ജൈവ ഉദ്യാനമായ ഗ്രീന്‍ അറയില്‍ മാറ്റി നട്ടത്. ദേശീയപാത വികസന ഭാഗമായി ജില്ലയില്‍ 25,000ത്തിലധികം മരങ്ങളാണ് മുറിച്ചുമാറ്റുന്നത്.