മുംബൈ:
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഭിവണ്ടി പട്ടണത്തിലെ ചൗഹാൻ കോളനിയിലാണ് സംഭവം. 60 കാരനായ ഇബ്രാഹിം ഷെയ്ഖ് ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് അഗ്നിശമന സേന എത്തിയെങ്കിലും സ്ഫോടനത്തിൽ ടോയ്‍ലറ്റ് തകർന്നിട്ടുണ്ടായിരുന്നു. തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും മരിച്ചയാൾ ഇബ്രാഹിം ഷെയ്ഖ് ആണെന്ന് തിരിച്ചറിഞ്ഞതായും ഭിവണ്ടി നിസാംപൂർ മുനിസിപ്പൽ കോർപ്പറേഷനിലെ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
സെപ്റ്റിക് ടാങ്കിനകത്ത് വാതകം കെട്ടിക്കിടന്ന് മര്‍ദം കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്തം നഗരസഭക്കാണെന്നാണ് നാട്ടുകാരുടെ ആരോപണം. മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.