നാദാപുരം:
വിലങ്ങാട് ഇന്ദിര നഗർ റോഡ് റീടാറിങ് നടത്താനായി പൊളിച്ചിട്ടിട്ടും നന്നാക്കിയില്ല. കരാറുകാരന്റെ അനാസ്ഥകാരണം ജനങ്ങൾ വലഞ്ഞു. ഒന്നരമാസമായി റീ ടാറിങ്ങിനായി റോഡ് പൊളിച്ചിട്ട നിലയിലായിട്ട്.
ആവശ്യത്തിനുള്ള ടാർ ഉൾപ്പെടെയുള്ള സാമഗ്രികൾപോലുമിറക്കാതെയാണ് റോഡ് കുത്തിപ്പൊളിച്ചത്. റോഡുപണി പൂർത്തിയാക്കാത്തതിൽ നാട്ടുകാർ വൻ പ്രതിഷേധത്തിലാണ്. വിലങ്ങാടുനിന്ന് ഇന്ദിര നഗറിലേക്കുള്ള ഏക റോഡാണിത്.
പോസ്റ്റ് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയവ സ്ഥിതിചെയ്യുന്ന വിലങ്ങാട് ടൗണിലേക്ക് ആളുകൾക്ക് എത്തിപ്പെടണമെങ്കിൽ ഇപ്പോൾ ഒന്നര കിലോമീറ്റർ അധികം ചുറ്റിസഞ്ചരിച്ച് കൂളിക്കാവ് വഴി യാത്ര ചെയ്യണം.
നിരവധി വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകാനും ഇവിടെയുള്ള ജോലിക്കാരും നാട്ടുകാരും വിലങ്ങാടേക്ക് യാത്രചെയ്യാനും ആശ്രയിക്കുന്ന റോഡാണ് ഇപ്പോൾ കാൽനട പോലും ദുസ്സഹമായിരിക്കുന്നത്. റോഡിൽ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതായതോടെ രോഗികളെ ആശുപത്രിയിലെത്തിക്കാനാണ് നാട്ടുകാർ ഏറെ പ്രയാസപ്പെടുന്നത്.
ടാറിങ് തുടങ്ങാൻ റോഡ് അടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും കരാറുകാരനും തമ്മിൽ തർക്കം നടന്നിരുന്നു. തർക്കത്തെ തുടർന്ന് കരാറുകാരൻ പണിനടത്താതെ പോകുകയായിരുന്നു.