Mon. Dec 23rd, 2024
കൽപ്പറ്റ:

സംസ്ഥാനത്തെ ആദ്യ ഗോത്രപൈതൃക ഗ്രാമം എൻ ഊരിന്‌ വനം വകുപ്പ്‌ ഏർപ്പെടുത്തിയ സ്‌റ്റോപ്പ്‌ മെമ്മോ ചീഫ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മരവിപ്പിച്ചു. റവന്യു, വനം വകുപ്പുകളോട്‌ ഇക്കാര്യത്തിൽ വിശദീകരണം നൽകാനും 15ന്‌ കലക്ടർ, സബ്‌ കലക്ടർ, വനം വകുപ്പ്‌ സിസിഎഫ്, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. അടുത്ത കാബിനറ്റിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്ന്‌ അധികൃതർ അറിയിച്ചു.

ഗോത്ര ചരിത്രവും പൈതൃകവും സംരക്ഷിച്ച്‌ അവർക്ക്‌ ഉപജീവനമൊരുക്കാൻ ലക്ഷ്യമിട്ട്‌ ആവിഷ്‌കരിച്ച എൻ ഊര്‌ പൈതൃക ഗ്രാമം സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്‌. വൈത്തിരി പഞ്ചായത്തിലെ പൂക്കോട്‌ ഡെയറി പ്രോജക്ടിന്റെ ഭാഗമായിരുന്ന മനോഹര മലനിരകളിലാണ്‌ എൻ ഊര്‌ പൈതൃക ഗ്രാമം. മലനിരകളും കൊച്ചു കുന്നുകളും ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതി മനോഹരമായ കാഴ്‌ചകളാൽ സമ്പന്നമാണ്‌.

കോഴിക്കോട്‌ –മൈസൂരു ദേശീയ പാതയും താഴ്‌വാരങ്ങളിലെ ഗ്രാമങ്ങളുടെ വിദൂരദൃശ്യവും എൻ ഊരിലെത്തുന്ന സഞ്ചാരികൾക്ക്‌ നൽകുന്ന കാഴ്‌ചാനുഭവം വേറിട്ടതാണ്‌. 2010ൽ വി എസ് സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പദ്ധതി പൂർണമായും പട്ടികവർഗക്കാർ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏക ടൂറിസം പദ്ധതിയാണ്‌. ‌10 കോടി ചെലവിട്ട്‌ ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി എൻ ഊര്‌ ആദിവാസികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നുകൊടുക്കാൻ തുടങ്ങിയ വേളയിലാണ്‌ വനം വകുപ്പ്‌ സ്‌റ്റോപ്പ്‌ മെമ്മോ നൽകി പ്രവൃത്തി നിർത്തിവെപ്പിച്ചത്‌.

കരകൗശല വസ്തുക്കൾ, ആദിവാസി വംശീയ ഭക്ഷണം, പരമ്പരാഗത ആഭരണങ്ങൾ, ശിൽപ്പകല, ചിത്രകല, വീട്ടുപകരണങ്ങൾ തുടങ്ങി ഗോത്രവർഗക്കാരുടെ ഉൽപ്പന്നങ്ങളും കലയും സംസ്‌കാരവും സംരക്ഷിക്കാനും പ്രദർശിപ്പിച്ച്‌ വിൽപ്പന നടത്താനുമുള്ള ഒരു കേന്ദ്രമാണ് എൻ ഊര്‌. ഇടനിലക്കാരില്ലാതെ സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള ആദിവാസികൾക്കും ഇവിടെയെത്തി ഉൽപ്പന്നങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനും കഴിയും. ഒന്നാം ഘട്ടം പ്രവർത്തനസജ്ജം‘എൻ ഊരിലെ ‌’ 16 മാർക്കറ്റുകളുടെ നിർമാണം പൂർത്തിയാക്കി.

രണ്ട്‌ എക്‌സിബിഷൻ ഹാൾ, ഫെസിലിറ്റേഷൻ സെന്റർ, രണ്ട്‌ ട്രൈബൽ കഫറ്റീരിയ എന്നിവ പ്രവർത്തനസജ്ജമാണ്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി വിഭാഗങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള എംബോറിയവും നിർമാണം പൂർത്തിയായി. ഹെറിറ്റേജ് വാക്ക് വേ, ട്രൈബൽ ഇന്റർപ്രിട്ടേഷൻ സെന്റർ, ടിക്കറ്റ് കൗണ്ടർ, ആർട്ട് ക്രാഫ്റ്റ് വർക്ക് ഷോപ്പ്, സ്കൾപ്‌ച്ചർ വർക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്‌.

ഭാരത് പെട്രോളിയം കോർപറേഷൻ പട്ടികവർഗ വിഭാത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് 13 ഇനങ്ങളിൽ സ്വയം തൊഴിലിനായി പരിശീലനം നൽകുന്നുണ്ട്‌. 79 ലക്ഷം രൂപയാണ്‌ ഇതിനായി നൽകിയത്‌. കൊച്ചിൻ ഷിപ്പ്‌ യാർഡ്‌ കുടിവെള്ളത്തിനായി പത്തുലക്ഷവും അനുവദിച്ചു.