സുൽത്താൻ ബത്തേരി:
കടുവകളെയും പുള്ളിപ്പുലികളെയും ശുശ്രൂഷിക്കാനായി സുൽത്താൻ ബത്തേരി കുപ്പാടിയിൽ പാലിയേറ്റിവ് കേന്ദ്രമൊരുക്കി വനംവകുപ്പ്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ച് 1.14 കോടി രൂപ ചെലവിൽ രണ്ടു ഹെക്ടർ വനഭൂമിയിലാണ് കേന്ദ്രം ഒരുക്കിയത്. ചുറ്റും കിടങ്ങും സോളാർ വൈദ്യുതി വേലിയും നിർമിച്ചു.
ഒരേസമയം നാലു കടുവകളെയോ പുള്ളിപ്പുലികളെയോ സംരക്ഷിക്കാനാകും. 26ന് വനം മന്ത്രി എകെ ശശീന്ദ്രൻ ഇത് ഉദ്ഘാടനം ചെയ്യും. ഐസി ബാലകൃഷ്ണന് എംഎൽഎ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭക്ഷണവും വെള്ളവുമില്ലാതെ, ഇരതേടാനാകാതെ ആവാസവ്യവസ്ഥക്കു പുറത്തേക്ക് കാടിറങ്ങുന്ന കടുവകളെയും പുള്ളിപ്പുലികളെയുമാണ് ഇവിടെ സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടു കടുവകൾക്ക് ഒരേ സമയം ഇറങ്ങി നടക്കാവുന്ന രീതിയിലുള്ള പുൽമേടുകളാണ് സംരക്ഷണ കേന്ദ്രത്തിൽ ഒരുക്കിയത്. പുള്ളിപ്പുലികൾക്കും ഇതേ സൗകര്യമുണ്ടെന്നാണ് വനംവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണ് പ്രവർത്തനം. വെറ്ററിനറി യൂനിറ്റ്, ഗോഡൗൺ, ജലവിതരണ കേന്ദ്രങ്ങൾ, ചുറ്റുവേലി, ശുചിത്വ സംവിധാനങ്ങൾ എന്നിവ ദേശീയ കടുവ അതോറിറ്റിയുടെ ചട്ടങ്ങൾ പാലിച്ചാണ് ഒരുക്കിയത്. സംരക്ഷണ കേന്ദ്രത്തിനു ചുറ്റും കിടങ്ങുമുണ്ട്.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കൂടുന്ന ഘട്ടത്തിലാണ് വനംവകുപ്പ് ഇത്തരം ഉദ്യമത്തിന് മുൻകൈ എടുത്തിട്ടുള്ളത്. നീലഗിരി ജൈവ ആവാസവ്യവസ്ഥയോട് ചേർന്ന വയനാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കടുവകളുള്ളത്. ജനവാസ കേന്ദ്രങ്ങളിൽ കടുവ സാന്നിധ്യം രൂക്ഷമായ സാഹചര്യത്തിൽ പാലിയേറ്റിവ് കേന്ദ്രം സംഘർഷ സാധ്യത ഒഴിവാക്കാൻ ഉതകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
ജനവാസ കേന്ദ്രത്തിൽ കടുവയോ പുലിയോ ഇറങ്ങിയാൽ ഉടൻ പിടികൂടി പാലിയേറ്റിവ് കേന്ദ്രത്തിലെത്തിക്കാം. അതേസമയം, പാലിയേറ്റിവ് കേന്ദ്രം തലവേദനയാകുമോ എന്ന ആശങ്കയും ചില കർഷക സംഘടന നേതാക്കൾ പങ്കുവെക്കുന്നുണ്ട്.