Mon. Dec 23rd, 2024
ചിറ്റാട്ടുകര:

ജൈവ മാലിന്യ സംസ്കരണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ എളവള്ളി പഞ്ചായത്തിൽ പുതിയ പരീക്ഷണം. എളവള്ളി മാലിന്യ മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി 1,500 വീടുകളിലേക്ക് വിതരണം ചെയ്യാൻ ബയോ ഡൈജസ്റ്റർ പോട്ടുകൾ എത്തി. ശുചിത്വ മിഷൻ അംഗീകരിച്ച ആലപ്പുഴ ബയോടെക് എന്ന സ്ഥാപനമാണ് ബയോ ഡൈജസ്റ്റർ പോട്ടുകളുടെ നിർമാണത്തിന് നേതൃത്വം നൽകുന്നത്.

ഘട്ടമായി പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ബയോ ഡൈജസ്റ്റർ പോട്ടുകളെത്തിക്കും. പഞ്ചായത്തിലെ മിനി വ്യവസായ കേന്ദ്രത്തിൽ ആരംഭിക്കുന്ന കയർ നിർമാണ യൂണിറ്റിൽ നിന്ന് ഇനാക്കുലം നിർമിച്ച് നൽകാനും പദ്ധതിയുണ്ട്. മാലിന്യ സംസ്കരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻബി ജയ അധ്യക്ഷയായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെഡി വിഷ്ണു, ടിസി മോഹനൻ, ശ്രീബിത ഷാജി, രാജി മണികണ്ഠൻ, സീമ ഷാജു, പിഎം അബു, സെക്രട്ടറി തോമസ് രാജൻ എന്നിവർ പ്രസംഗിച്ചു.

കളിമണ്ണു കൊണ്ടുണ്ടാക്കിയ 3 പാത്രങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വയ്ക്കാവുന്ന രീതിയിലുള്ളതാണ് ഒരു യൂണിറ്റ്. വീടുകളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ഓരോ പാത്രങ്ങളിലായി നിറയ്ക്കും. ചകിരിച്ചോറിൽ ബാക്ടീരിയ കടത്തി വിട്ട് ഉണ്ടാക്കുന്ന ഇനാക്കുലം മാലിന്യത്തോടൊപ്പം ചേർക്കണം. മൂന്നാമത്തെ പാത്രത്തിൽ മാലിന്യം നിറയുമ്പോഴേക്കും ആദ്യ പാത്രത്തിലെ മാലിന്യം ഒന്നാന്തരം ജൈവ വളമായി മാറിയിട്ടുണ്ടാകും.