Sat. May 11th, 2024
തൃശൂർ:

നെൽക്കൃഷിയിലെ ഭീകര കളകളായ വരിനെല്ലിനേയും കവടപ്പുല്ലിനേയും കുറഞ്ഞ ചെലവിലും എളുപ്പത്തിലും നശിപ്പിക്കാനുള്ള പുത്തൻ സാങ്കേതികവിദ്യയായ വീഡ് വൈപ്പറുമായി കാർഷിക സർവകലാശാല കർഷകരിലേക്ക്‌. നെല്ലിനെ ബാധിക്കാതെ കളകളിൽ മാത്രം നിയന്ത്രിത അളവിൽ കളനാശിനികൾ പുരട്ടി നശിപ്പിക്കുന്നതാണീ രീതി. മുണ്ടകൻ കൃഷി 50 ദിവസം പിന്നിടുമ്പോൾ കളകൾ നെല്ലിനേക്കാൾ ഉയർന്നുനിൽക്കും.

ഈ സമയത്ത്‌ വീഡ് വൈപ്പർ ഉപയോഗിച്ച്‌ കളകളിൽ മാത്രം കളനാശിനി പുരട്ടാനാവും. കർഷകർ പുറത്തു തുക്കിയിടുന്ന കുറ്റിപ്പമ്പിന്റെ തലയിൽ സ്‌പ്രേക്ക്‌ പകരം വീഡ്‌ വെപ്പർ ഘടിപ്പിക്കും. ഇതിലേക്ക്‌ മരുന്നെത്തും.

മരുന്നുള്ള വൈപ്പർ ഉയർന്നുനിൽക്കുന്ന കളകളിലുടെ തഴുകി പോവും. ദിവസങ്ങൾക്കകം കളകൾ നശിക്കും. താഴ്‌ന്ന്‌ നിൽക്കുന്ന നെല്ലിന്‌ കേട്‌ സംഭവിക്കില്ല. ഒരു മീറ്റർ നീളമുള്ള വൈപ്പർ വഴി ഒരാൾക്ക്‌ കളനശിപ്പിക്കാനാവും.

രണ്ടുപേരുണ്ടെങ്കിൽ അഞ്ചുമീറ്ററുള്ള വൈപ്പർ ഉപയോഗിച്ച്‌ അതിവേഗം കളനശിപ്പിക്കാം. നെല്ലിന്റെ വളർച്ച 50മുതൽ 60 ദിവസത്തികനം മാത്രമേ ഇത്‌ പ്രയോഗിക്കാനാവൂ. അല്ലെങ്കിൽ നെല്ല്‌ കളയ്‌ക്കൊപ്പം ഉയരം വരും. വെള്ളാനിക്കര കാർഷിക കോളേജിലെ ഡോ പി പ്രമീളയാണ്‌ ഇത്‌ വികസിപ്പിച്ചത്‌.

റെയ്‌ഡ്‌കോ ഇത്‌ ഉല്പാദിപ്പിക്കുന്നുണ്ട്‌. 3000 രൂപയാണ്‌ വില. ചാഴൂർ കോൾപ്പാടങ്ങളിലെ കർഷകർക്ക്‌ ഈ സാങ്കേതിക വിദ്യയുടെ പ്രായോഗിക പരിശീലനം കേരള കാർഷിക സർവകലാശാല നൽകി.

കാർഷിക കോളേജും മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് ഡോ സവിത ആന്റണി, ഡോ വി എസ്‌ ചിഞ്ചു, കൃഷി ഓഫീസർ പോൾസൻ എന്നിവർ നേതൃത്വം നൽകി. കർഷകർ ആവശ്യപ്പെടുന്ന മുറയ്ക്ക് ജില്ലയിലെ കൂടുതൽ പാടശേഖരങ്ങളിൽ ഈ സാങ്കേതിക വിദ്യ എത്തിക്കും.