Mon. Dec 23rd, 2024

ദില്ലി: രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ റഷ്യ യുക്രൈനിൽ നടത്തുന്ന ആക്രമണത്തിൽ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. യുദ്ധകപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും, സൈനിക കരാറുകളും ഇന്ത്യയ്ക്ക് റഷ്യയുമായുള്ളതിനാലാണിത്. 

യുക്രൈനിൽ റഷ്യ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മറ്റൊരു ലോക നേതാവും പുടിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും, ഇത്തരത്തിലൊരു നിലപാടെടുക്കാൻ ഇന്ത്യക്ക് മാത്രമേ കഴിഞ്ഞുള്ളൂവെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. 

ചർച്ചയിലൂടെ യുക്രൈൻ വിഷയത്തിൽ പ്രശ്ന പരിഹാരമുണ്ടാകണമെന്നാണ് മോദി പുടിനോട് ആവശ്യപ്പെട്ടത്. ഉടനടി പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഉക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയും മോദി പുടിനെ അറിയിച്ചിരുന്നു. റഷ്യയും ഇന്ത്യയുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരുമെന്നാണ് ഉന്നതവൃത്തങ്ങൾ പറയുന്നത്. 

യുക്രൈൻ – റഷ്യ വിഷയത്തിൽ നിഷ്പക്ഷ നിലപാടായിരുന്നു ആദ്യം മുതലേ ഇന്ത്യ സ്വീകരിച്ചത്.  ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയം എത്രയും പെട്ടെന്ന്  തീർപ്പാക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ആവശ്യപ്പെട്ടിരുന്നു. പക്ഷെ റഷ്യയുടെ പേര് പരാമർശിക്കാതെയായിരുന്നു ഇന്ത്യയുടെ പ്രസ്താവന.