Mon. Dec 23rd, 2024

കിവ് : യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തെ തുറന്ന ഭാഷയിൽ എതിർത്ത് ലോകരാജ്യങ്ങൾ. എത്രയും പെട്ടന്ന് യുക്രൈനിലെ സൈനിക നീക്കം റഷ്യ നി‌ർത്തിവയ്ക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈൻ പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പുടിനുമായി സംസാരിച്ചതെന്നും, അദ്ദേഹത്തെ ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും മക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. 

അപകടകരമായ സൈനിക നീക്കമാണ് റഷ്യ നടത്തുന്നതെന്നും ക‌‌ർശന ഉപരോധങ്ങൾ ഏ‌ർപ്പെടുത്തുമെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 62 റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൾ കാനഡ പ്രഖ്യാപിക്കുകയും റഷ്യൻ എക്സ്പോ‌‌ർട്ട് പെ‌ർമിറ്റുകളെല്ലാം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 460 കനേഡിയൻ സൈനിക അംഗങ്ങളെ കിഴക്കൻ യൂറോപ്പിലെ നാറ്റോ ദൗത്യത്തിലേക്ക് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് അടക്കമുള്ള സഖ്യകക്ഷികൾക്കൊപ്പമാണ് കാനഡയും റഷ്യക്കെതിരെ ആദ്യ റൗണ്ട് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. 

റഷ്യൻ അധികൃത‌‌ർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയും റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചും ന്യൂസിലൻഡും ഉപരോധിക്കുന്നുണ്ട്. സൈനിക ബലത്തിന്റെ പ്രകടമായ ദുരുപയോ​ഗമാണ് റഷ്യ നടത്തുന്നത്.  നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടമാകും. യുക്രൈൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണമെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആന്റൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുമായുള്ള എല്ലാ ച‌‌ർച്ചകളും ന്യൂസിലൻഡ് നിർത്തിവെച്ചിട്ടുണ്ട്. 

യുക്രൈനെതിരായ റഷ്യൻ നീക്കത്തെ അപലപിച്ച തായ്വാൻ റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യക്കെതിരെ നിർണായക സാമ്പത്തിക ഉപരോധം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ആയി ഉപയോ​ഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളിൽ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പാർലമെൻ്റിൽ അറിയിച്ചു.

റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും, നേരിട്ട് യുദ്ധത്തിനില്ലെന്നും പുടിനുമായി ചര്‍ച്ച നടത്തില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.