Wed. Nov 6th, 2024

അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ലെന്ന് നോർത്ത് അറ്റ്‍ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ). നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കും. പക്ഷെ ഒരു സംഘടന എന്ന നിലയിൽ നാറ്റോ  ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

കോവിഡ് മഹാമാരി ലോകത്തെ കീഴടക്കിയ സമയത്ത്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്ക് എതിരെ ഒരു സൈനികനീക്കത്തിന് നാറ്റോയില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് മറ്റൊരു ലോകയുദ്ധത്തിന് വഴി വച്ചേനെ എന്നും വിദേശകാര്യവിദഗ്ധർ അഭിപ്രായപ്പെട്ടു. 

ഏതെങ്കിലും തരത്തിൽ റഷ്യ യുക്രൈനെ ആക്രമിച്ചാൽ അത് യുക്രൈൻ- റഷ്യ യുദ്ധമാകില്ല, പകരം റഷ്യ- യൂറോപ്യൻ യൂണിയൻ യുദ്ധമാകും എന്ന് മുന്നറിയിപ്പ് നൽകിയ യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ഇപ്പോൾ നിശ്ശബ്ദനാണ്. നാറ്റോ രാജ്യങ്ങളിലൊന്ന് പോലും സ്വതന്ത്രമായിപ്പോലും സൈനികസഹായം നൽകുമെന്ന് പറയുന്നത് പോലുമില്ല. ആക്രമണം തുടങ്ങി പന്ത്രണ്ടാം മണിക്കൂർ പിന്നിടുമ്പോൾ റഷ്യൻ യുദ്ധം അപലപനീയമാണെന്നും, എന്നാൽ തിരികെ ആക്രമിക്കാനില്ലെന്നുമാണ് നാറ്റോയുടെ നിലപാട്. 

പത്ത് ഖണ്ഡികകളുള്ള ഒരു പ്രസ്താവനയാണ് നാറ്റോ അംഗരാജ്യങ്ങൾ സംയുക്തമായി യോഗത്തിന് ശേഷം പുറത്തുവിട്ടത്. റഷ്യ യുക്രൈന് മേൽ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെ സാധ്യമായ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് പറയുന്ന നാറ്റോ, ആക്രമണം തീർത്തും സാധൂകരിക്കാനാവാത്തതാണെന്ന് അറിയിച്ചു. കൊല്ലപ്പെട്ട, പരിക്കേറ്റ എല്ലാവർക്കുമൊപ്പം ചേർന്നു നിൽക്കുന്നുവെന്നും, ആക്രമണത്തിന് സഹായം നൽകുന്ന ബെലാറസിനെ ശക്തിയുക്തം അപലപിക്കുന്നുവെന്നും നാറ്റോ പറയുന്നു.

യുഎൻ ചാർട്ടർ ഉൾപ്പടെയുള്ള അന്താരാഷ്ട്രനിയമങ്ങളുടെയെല്ലാം ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. സ്വതന്ത്രരാജ്യത്തിനെതിരെ നടത്തിയ ഏകപക്ഷീയമായ ആക്രമണം, അപലപനീയം – എന്ന് നാറ്റോ പറയുന്നു. യുക്രൈൻ ജനതയോടൊപ്പം നിൽക്കുന്നു. അവരുടെ സ്വാതന്ത്ര്യത്തിനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനൊപ്പം നിൽക്കുന്നു. യുക്രൈനിൽ നിന്ന് പിൻമാറണമെന്നൊക്കെ പ്രസ്താവനയായി മാത്രം നാറ്റോ പറയുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യയ്ക്ക് ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും നാറ്റോ അറിയിച്ചു. ഉപരോധങ്ങൾ വഴി മാത്രം റഷ്യയെ നേരിടാനാണ് നിലവിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നർത്ഥം. 

ഇനിയുള്ള ഖണ്ഡികകളിലാണ്, സ്വന്തം മുന്നണിയിലെ രാജ്യങ്ങളെ മാത്രം സംരക്ഷിക്കുമെന്ന് നാറ്റോ വ്യക്തമാക്കുന്നത്. നാറ്റോ മുന്നണിയിലെ രാജ്യങ്ങളുടെ അതിർത്തിയിൽ സൈനികവിന്യാസം കൂട്ടും. സമുദ്രാ അതിർത്തികളിൽ സൈനികവിന്യാസവും പടക്കോപ്പുകളുടെ വിന്യാസവും ശക്തമാക്കും. അടിയന്തരസാഹചര്യങ്ങൾക്കെല്ലാം തയ്യാറായി നിൽക്കാൻ എല്ലാ സൈന്യങ്ങൾക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഞങ്ങൾ എന്നാൽ നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കാനില്ല. ഞങ്ങൾ സ്വയം പരസ്പരം സംരക്ഷിച്ച് ഒന്നിച്ച് നിൽക്കും – നാറ്റോ പ്രസ്താവനയിൽ പറയുന്നു.