ധർമ്മശാല:
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വഴി കമ്പിവേലി കൊണ്ട് അടച്ച് ആഴ്ചകൾ പിന്നിട്ടിട്ടും തുടർനടപടികൾ ഇല്ലാതെ വന്നപ്പോൾ സഹികെട്ട നാട്ടുകാർ ഹിന്ദി മാത്രം അറിയുന്ന റോഡ് നിർമാണക്കാരോടുള്ള അപേക്ഷയുമായി ‘എനിക്ക് വഴി തരൂ, ഈ ജോലി പെട്ടെന്ന് പൂർത്തിയാക്കൂ’ എന്നു ഹിന്ദിയിൽ തന്നെ ബോർഡ് സ്ഥാപിച്ചു. തുടർന്നു മന്ത്രിതലത്തിൽ പരാതിയും ഉന്നയിച്ചതോടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അധികൃതർ സ്ഥലത്തെത്തി ഉറപ്പു നൽകി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ബക്കളം, ധർമശാല മസ്ജിദിനു സമീപത്താണ് റോഡരികിലെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി ഓവുചാൽ കോൺക്രീറ്റ് ചെയ്യാൻ വേലി കെട്ടിയതുപോലെ കമ്പികൾ സ്ഥാപിച്ചത്. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും നിർമാണ പ്രവൃത്തികൾ നടക്കാതെ വന്നതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ സാധിക്കാതെയായി.
ജോലി ചെയ്യാൻ എത്തിയവരോട് സംസാരിച്ചപ്പോൾ വ്യക്തമായ ഒരു മറുപടിയും ലഭിച്ചില്ല. തുടർന്നാണ് ജോലി ഉടൻ പൂർത്തിയാക്കി വഴി നൽകണമെന്ന് അഭ്യർഥിച്ച് ഹിന്ദിയിൽ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് മന്ത്രി എംവി ഗോവിന്ദന് പരാതിയും നൽകി.
മന്ത്രിയുടെ നിർദേശ പ്രകാരം റോഡ് കരാർ ഏറ്റെടുത്ത കമ്പനിയുടെ സീനിയർ എൻജിനീയർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ആന്തൂർ നഗരസഭ അധ്യക്ഷൻ പി മുകുന്ദൻ, വാർഡ് കൗൺസിലർ ടികെവി നാരായണൻ, സിപിഎം ലോക്കൽ സെക്രട്ടറി പാച്ചേനി വിനോദ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. വേലി കെട്ടിയതോടെ വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിടേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ ചൂണ്ടികാട്ടി. പ്രശ്നം എത്രയും വേഗം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകി.