കണ്ണൂർ:
പുഴകൾക്കും തോടുകൾക്കും പുതുജീവൻ നൽകി നീരൊഴുക്ക് സുഗമമാക്കാനൊരുങ്ങി നാട്. ‘തെളിനീരൊഴുകും നവകേരളം പദ്ധതി’യുടെ ഭാഗമായാണ് ഹരിതകേരളം മിഷന് നേതൃത്വത്തിൽ നീർച്ചാലുകളുടെ വീണ്ടെടുപ്പിന് തുടക്കമായത്. ജലസ്രോതസ്സുകളിലെ ഖര -ദ്രവ മാലിന്യത്തിന്റെ അളവും അവസ്ഥയും മനസ്സിലാക്കാനായി മാപ്പിങ് പ്രക്രിയ ജില്ലയിൽ പൂർത്തിയായി.
ഇത്തരത്തിൽ മാലിന്യം അടിഞ്ഞുകൂടിയതായി കണ്ടെത്തിയ അഞ്ചരക്കണ്ടി പുഴയിലെ ഒമ്പത് കേന്ദ്രങ്ങളിൽ ശുചീകരണം തുടങ്ങി. ഫെബ്രുവരി 25 മുതൽ ജില്ലയിലെ മറ്റുപുഴകളിലും തോടുകളിലും പ്രവൃത്തി കാമ്പയിനായി തുടങ്ങും. 110 കിലോമീറ്റർ നീളമുള്ള വളപട്ടണം പുഴയിൽ ഒമ്പത് കേന്ദ്രങ്ങളിലാണ് ഒഴുക്ക് തടയുന്ന തരത്തിൽ മാലിന്യം കണ്ടെത്തിയത്.
കുപ്പം, പെരുമ്പ, എരഞ്ഞോളി തുടങ്ങിയ പുഴകളിൽ 40ഓളം കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ഒഴുക്കിന് ഭീഷണിയുള്ളത്. പാലങ്ങളുടെ അടിയിൽ മരവും മാലിന്യവും അടിഞ്ഞുകൂടൽ, മലയുടെയും വനത്തിന്റെയും താഴ്വാരങ്ങളിൽ ചളിയും ഉരുളൻകല്ലും നിറഞ്ഞ് ഗതിമാറൽ, ക്വാറി മാലിന്യം തള്ളൽ, വെള്ളപ്പൊക്കത്തിൽ രൂപപ്പെട്ട പ്ലാസ്റ്റിക് കൂന തുടങ്ങിയവയാണ് പ്രധാനമായും നീർച്ചാലുകളുടെ ഭീഷണി. ക്വാറി, ക്രഷർ മാലിന്യം പുഴകളിലേക്കും തോടുകളിലേക്കും തള്ളുന്നത് ഇവയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുകയാണ്.
രണ്ടുവർഷമായി ജില്ലയിലെ ജലസ്രോതസ്സുകൾ ഇത്തരത്തിലുള്ള കടന്നുകയറ്റം അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. മഴക്കാലത്ത് ക്വാറിയോടുചേർന്ന ചെറുചാലുകളിലൂടെ മാലിന്യം താഴേക്ക് ഒഴുക്കിവിടുകയാണ്. കണിച്ചാർ പുഴയിൽ രണ്ട് ക്രഷറുകളിലെ മാലിന്യമാണ് തള്ളുന്നത്.
പെരുമ്പ പുഴയിൽ എരമംകുറ്റൂർ ഭാഗത്ത് ക്രഷർ മാലിന്യം തോടുവഴി ഒഴുക്കിവിടുകയാണ്. ഈ ഭാഗത്ത് പുഴ നികന്ന നിലയിലാണ്. പെരിങ്ങോം വയക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്രഷറിൽനിന്നുള്ള മാലിന്യമാണ് ഒഴുക്കിവിടുന്നത്.
ക്രഷറിന് നോട്ടീസ് നൽകിയിട്ടുണ്ട്. പയ്യാവൂരും മാലൂരും കോളയാടും തോടുകളിൽ ക്രഷർ മാലിന്യം കണ്ടെത്തിയിട്ടുണ്ട്. തോടുകളിൽ പ്ലാസ്റ്റിക് മാലിന്യവും വില്ലനാണ്. കൈതക്കൂട്ടങ്ങൾ തോടിലേക്ക് വളർന്നതും പ്രശ്നമാണ്. ചളിയും മണ്ണും നിറഞ്ഞ് മരങ്ങൾ വളരുകയാണ്.