Fri. Apr 26th, 2024
തൊടുപുഴ:

റോഡരികിൽ നിർത്തിയിട്ട ലോറിയുടെ ടയർ മോഷണം പോയെന്ന പരാതി പൊലീസ് അന്വേഷിക്കുന്നതിനിടെ സ്റ്റിയറിങ്ങും യന്ത്രഭാഗങ്ങളും മോഷ്ടിച്ചു. വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാതയിൽ നിർത്തിയിട്ടിരുന്ന ലോറി തൊടുപുഴ വെങ്ങല്ലൂർ ചേറാടിയിൽ ഡി സുരേഷിന്റേതാണ്. വൃക്കരോഗം ബാധിച്ച് സുരേഷ് മൂന്നുമാസം മുൻപു മരിച്ചു.

12 ലോറികളുടെ ഉടമയായിരുന്നു സുരേഷ്. സാമ്പത്തികമായി തകർന്നതോടെ ഒരു  ലോറി മാത്രമായി. സുരേഷിന്റെ ചികിത്സയും തുടർച്ചയായ ഡയാലിസിസും മൂലം സാമ്പത്തിക പ്രതിസന്ധി വന്നതോടെ കുടുംബം കിടപ്പാടം വിറ്റ് വാടകവീട്ടിലേക്കു മാറി.

ലോറിയിൽ നിന്നുള്ള വരുമാനമായിരുന്നു ആശ്രയം. കോവിഡ് കാലം ആയതോടെ ഓട്ടം കുറഞ്ഞു. ഇതിനിടെ നാലു മാസം മുൻപു സുരേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായതോടെ ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

സുരേഷിനു ഭാര്യയും വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളുമാണുള്ളത്. ലോറി വാങ്ങിയ വകയിൽ 5 ലക്ഷത്തിലധികം രൂപ കടമുണ്ട്. ലോറി വിറ്റ് കടം തീർക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ഒരു മാസം മുൻപായിരുന്നു ആദ്യ മോഷണം.

ബാറ്ററിയും പമ്പും കാണാതായി. തൊടുപുഴ പൊലീസ് അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച മുൻഭാഗത്തെ ടയറും പടുതയും നഷ്ടപ്പെട്ടു. ചൊവ്വാഴ്ചയായതോടെ ബാക്കി എല്ലാ ടയറുകളും സ്റ്റിയറിങ്ങും മറ്റും മോഷ്ടിക്കപ്പെട്ടു.

മോഷ്ടാക്കൾ ഉപയോഗശൂന്യമായ പഴയ ടയറുകൾ ലോറിയിൽ പിടിപ്പിച്ചിട്ടുമുണ്ട്. മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷണം പോയതായാണ് കണക്ക്. സംഭവത്തിൽ വീട്ടുകാർ തൊടുപുഴ പൊലീസിൽ വീണ്ടും പരാതി നൽകി.