Fri. Nov 22nd, 2024

ഷെയ്ന്‍ വാട്സണ്‍ വീണ്ടും ഐപിഎല്ലിന്. ഇത്തവണ പുതിയ റോളിലാണ് ഓസീസ് ഓള്‍റൌണ്ടര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെത്തുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹ പരിശീലകനായി താരത്തെ ടീം മാനേജ്മെന്‍റ് പ്രഖ്യാപിച്ചു.

ടീമിന്‍റെ ഹിപരിശീലകനായി അജിത് അഗാര്‍ക്കറും ഡല്‍ഹിക്കൊപ്പം ചേരുന്നുണ്ട്. മുഖ്യ കോച്ച് റിക്കി പോണ്ടിങ്ങിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും ഫ്രാഞ്ചൈസിയുമായി കരാറിലെത്തുന്നത്. രണ്ട് തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയ ടീമുകളില്‍ ഭാഗമായ താരമാണ് വാട്സൺ.

2008ൽ രാജസ്ഥാൻ റോയൽസിനൊപ്പവും 2018ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പവുമായിരുന്നു താരത്തിന്‍റെ കിരീടനേട്ടം. അഗാര്‍ക്കറും ഡല്‍ഹിക്കായി ഐപിഎല്‍ കളിച്ചിട്ടുള്ള താരമാണ്. 2011 മുതല്‍ 2013 വരെയായിരുന്നു താരം ഡല്‍ഹിക്കായി കളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹ പരിശീലകരായി പ്രവീൺ ആംറേയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരിശീലകരെന്ന നിലയില്‍ അഗാർക്കറിന്‍റെയും വാട്സണിന്‍റെയും അരങ്ങേറ്റം കൂടിയായിരിക്കും വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍. ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ് അഗാർക്കർ. 191 മത്സരങ്ങളിൽ നിന്ന് 288 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തം പേരിാക്കി. 26 ടെസ്റ്റ് മത്സരങ്ങളും കളിച്ചു.

2007 ല്‍ ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായ അഗാർക്കർ നാല് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2013 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അഗാര്‍ക്കര്‍ അവസാനിപ്പിക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് ഷെയ്ന്‍ വാട്സണ്‍.

ചെന്നൈ സൂപ്പർ കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകളിലായി 145 മത്സരങ്ങൾ വാട്സണ്‍ കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായും വാട്സണ്‍ തിളങ്ങിയിരുന്നു. 2018-ൽ ചെന്നൈ കിരീടം നേടുമ്പോള്‍ പ്രധാന പങ്കുവഹിച്ച വാട്‌സൺ ഫൈനലിൽ അപരാജിത സെഞ്ച്വറിയും നേടിയിരുന്നു. 2020 ലാണ് താരം ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുന്നത്.