Wed. Apr 24th, 2024

മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ. മലയാളികൾക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു.

ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളിൽ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്. അഭിനയിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രമേതെന്നെ എടുത്ത് പറയാനാകില്ല, കാരണം ഓരോന്നും അത്രയും മികച്ചതാണ്. പുരസ്കാരങ്ങൾക്കപ്പുറം മലയാളി ഹൃദയങ്ങളിൽ അവരുടെ കഥാപാത്രങ്ങൾ സ്ഥാനം പിടിച്ചു.

സഹസംവിധായകനായ കാലം മുതലുള്ള വ്യക്തിപരമായ അടുപ്പമാണ് കെപിഎസി ലളിതയോടെന്നും അദ്ദേഹം ഓർമ്മിച്ചു. ഏത് തലമുറയോട് ചോദിച്ചാലും അവർക്കെല്ലാം കെപിഎസി ലളിതയോട് അത്മബന്ധമുണ്ടാകും.

പുതിയ തലമുറയോടൊപ്പവും അഭിനയിച്ചാണ് അവർ അരങ്ങൊഴിയുന്നത്. അതുപോലൊരാൾ ഇനിയില്ല. കഥാപാത്രങ്ങളുടെ തനിമ, ശരീരഭാഷ, ശബ്ദം എന്നിവകൊണ്ടെല്ലാം വിസ്മയിപ്പിച്ച അഭിനേത്രിയാണ് കെപിഎസി ലളിതയെന്നും കമൽ പറഞ്ഞു.

പകരം വയ്ക്കാനാളില്ലാത്ത വിധം അഭിനയംകൊണ്ട് മലയാള സിനിമയിൽ തിളങ്ങി കെപിഎസി ലളിത. ഒരു കഥാപാത്രം ചെയ്യാൻ അവരെ തീരുമാനിച്ചാൽ, സംവിധായകനോ തിരക്കഥാകൃത്തിനോ ആ കഥാപാത്രത്തിനായി പകരം മറ്റൊരാളെ കണ്ടെത്താനാകില്ല. എന്തെങ്കിലും അസൌകര്യംകൊണ്ട് ലളിത അഭിനയിച്ചില്ലെങ്കിൽ ആ കഥാപാത്രത്തെ തന്നെ ഒഴിവാക്കേണ്ടി വരുമെന്നും കമൽ ഓർത്തെടുത്തു.