Thu. Jan 23rd, 2025

ഉത്തർപ്രദേശ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലായി 624 സ്ഥാനാർത്ഥികളാണ് ഇന്ന് യുപിയിൽ ജനവിധി തേടുന്നത്. കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരി, യുപിയുടെ തലസ്ഥാനമായ ലഖ്നൗ, എന്നീ ജില്ലകളിലെ മത്സരമാണ് ഈ ഘട്ടത്തിൽ ഏവരും ഉറ്റുനോക്കുന്നത്. ലോക്സഭയിൽ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലിയിലെ അഞ്ചു മണ്ഡലങ്ങളും ഇന്ന് പോളിംഗ് ബൂത്തിലേക്കുണ്ട്. പിലിഭിത്, സീതാപൂർ, ഹർദോയ്, ഉന്നാവോ, ബന്ദ, ഫത്തേപൂർ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ജില്ലകൾ.

 2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 59 സീറ്റുകളിൽ 51 സീറ്റും നേടിയത് ബിജെപിയായിരുന്നു. ബാക്കിയുണ്ടായിരുന്ന സീറ്റുകളിൽ നാലെണ്ണം സമാജ്‌വാദി പാർട്ടിയും, രണ്ടെണ്ണം വീതം കോൺഗ്രസ്സും, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും, ഒന്ന് ബിജെപി സഖ്യമായ അപ്നാ ദളുമാണ് വിജയിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ ബിജെപിക്ക് അത്ര എളുപ്പമായിരിക്കില്ല ഈ തവണത്തെ മത്സരം. സമാജ്‌വാദി പാർട്ടി- രാഷ്ട്രീയ ലോക്ദൾ സഖ്യം ബിജെപിക്കെതിരെ കനത്ത പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. ഇതോടൊപ്പം കർഷക സമരത്തിലുൾപ്പെടെ കേന്ദ്ര- സംസ്ഥാന തലങ്ങളിൽ ബിജെപി കൈകൊണ്ട തീരുമാനങ്ങൾ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്. 

ആഭ്യന്തര മന്ത്രി അജയ് മിശ്രയെ സംബന്ധിച്ചെടുത്തോളം ലഖിംപൂർ ഖേരിയിലെ തിരഞ്ഞെടുപ്പ് അഭിമാന പ്രശ്നമാണ്. കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത മൂന്നു കർഷകരെയും ഒരു മാധ്യമ പ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയായിരുന്നു പ്രതി. ബിജെപിയെ പ്രതികൂട്ടിൽ നിർത്തിയ ഈ സംഭവം രാജ്യന്തര തലത്തിൽ വലിയ വാർത്തയായിരുന്നു. കാർഷിക നിയമവും, ലഖിംപൂർ ഖേരി കൂട്ടക്കൊലയും ഇതിനെതിരെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രതികരണവുമെല്ലാം തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കും. 

2017 ൽ ലഖിംപൂർ ഖേരിയിലെ എട്ട് മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം. ബിജെപിയും എസ്പിയും 2017 ലെ അതേ സ്ഥാനാർഥികളെയാണ് ലഖിംപൂർ സിറ്റിയിൽ ഈ തവണയും നിർത്തിയിരിക്കുന്നത്. എംഎൽഎ യോഗേഷ് വർമ്മ വീണ്ടും ഈ മണ്ഡലത്തിൽ എസ്പിയുടെ ഉത്കർഷ് വർമ്മ മധുരിനെ നേരിടും. രവി ശങ്കർ ത്രിവേദിയാണ് ഈ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. 

തലസ്ഥാന നഗരിയായ ലഖ്‌നൗവിലെ ഒൻപത് മണ്ഡലങ്ങളിലും ഇന്നാണ് തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത്. സരോജിനി നഗർ, ലഖ്‌നൗ ഈസ്റ് തുടങ്ങിയ മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണ് ബിജെപിയും എസ്പിയും തമ്മിലുള്ളത്. സരോജിനി നഗറിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അടുത്ത അനുയായിയും മുൻ ഐഐഎം പ്രൊഫസറുമായ അഭിഷേക് മിശ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വര് സിംഗ് ആണ് മത്സരിക്കുന്നത്.

ലഖ്‌നൗ കന്റോൺമെന്റിൽ സംസ്ഥാന നിയമമന്ത്രി ബ്രിജേഷ് പഥക്, സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയും രണ്ട് തവണ കോർപ്പറേറ്ററുമായ സുരേന്ദ്ര സിംഗ് ഗാന്ധിയെ നേരിടും. സംസ്ഥാന നഗര വികസന മന്ത്രി അശുതോഷ് ടണ്ടൻ ലഖ്‌നൗ ഈസ്റ്റിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അനുരാഗ് ബദൗരിയയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

റായ്ബറേൽ കോൺഗ്രസിന് ആധിപത്യമുള്ള മണ്ഡലമാണെങ്കിലും നിലവിൽ അവരുടെ എംഎൽഎയായ അതിഥി സിങ് പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്നത് ഈ വട്ടം കോൺഗ്രസിന് വലിയ തിരിച്ചടിയാവും. മണ്ഡലത്തിലെ അഞ്ച് തവണ എംഎൽഎയായ അന്തരിച്ച അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്, ഈ വട്ടം ബിജെപി സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസിന്റെ മനീഷ് ചൗഹാനും എസ്പിയുടെ ആർ പി യാദവുമാണ് എതിർ സ്ഥാനാർഥികൾ. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗർ പ്രതിയായ ബലാത്സംഗകേസ് നടന്ന ഉന്നാവോ മണ്ഡലത്തിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പും ബിജെപിക്ക് പ്രധാനപ്പെട്ടതാണ്. 

സംസ്ഥാനത്തെ വനിതാ വോട്ടർമാരെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി വനിതാ ഉദ്യോഗസ്ഥരുടെ കീഴിൽ 137 പിങ്ക് ബൂത്തുകളാണ് സംസ്ഥാന പോലീസ് ഈ തവണ ആരംഭിച്ചത്. രക്ഷിതാക്കൾ വോട്ട് ചെയ്‌താൽ വിദ്യാർത്ഥികൾക്ക് പത്ത് മാർക്ക് നൽകുമെന്ന് ലഖ്‌നൗ ക്രൈസ്റ്റ് ചർച്ച് കോളേജ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏഴ് ഘട്ടങ്ങളായി നടക്കുന്ന യുപി തിരഞ്ഞെടുപ്പിന്റെ മൂന്നു ഘട്ടങ്ങളും, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും നിലവില പൂർത്തിയായിട്ടുണ്ട്. മാർച്ച് 10 നാണ് അഞ്ചുറി സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് നടക്കുന്നത്.