പത്തനാപുരം:
ആദിവാസി യുവാവുമായി രാത്രി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ മറിഞ്ഞ് റബർ തൈ ഒടിഞ്ഞതിന് ഓട്ടോ ഉടമയിൽ നിന്നു പിഴയീടാക്കി പൊതുമേഖല സ്ഥാപനമായ ഫാമിങ് കോർപറേഷൻ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീയെ മുള്ളുമലയിലെ വീട്ടിലെത്തിച്ച ശേഷം, ബൈക്ക് അപകടത്തിൽ പരുക്കേറ്റ കണ്ണനെ പുനലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മുള്ളുമല ശിവസാനുവിനു സമീപത്തായിരുന്നു അപകടം.
കഴിഞ്ഞ 15ന് രാത്രി 10നായിരുന്നു സംഭവം. റോഡു വശത്തേക്കു മറിഞ്ഞ ഓട്ടോ റബർതൈയുടെ മുകളിൽ വീണ് തൈ നശിച്ചെന്നാണ് ആക്ഷേപം. 1000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു.
കോർപറേഷൻ മാനേജ്മെന്റിന്റെ അനാസ്ഥയിലും മറ്റുമായി ആയിരക്കണക്കിനു റബർ തൈകൾ നശിച്ചിട്ടും അന്വേഷണം പോലും നടത്താത്ത കോർപറേഷൻ ആശുപത്രിയിലേക്ക് പോയ വാഹനം മറിഞ്ഞു ഒരു റബർ തൈ നശിച്ചതിന്റെ പേരിൽ 1000 രൂപ പിഴയീടാക്കിയത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.