അങ്കമാലി:
അഗ്നിശമന രക്ഷാസേനയ്ക്കു വെള്ളം ശേഖരിക്കാൻ അലഞ്ഞുനടക്കേണ്ട സ്ഥിതി. ഫയർസ്റ്റേഷനിലേക്കു ജല അതോറിറ്റി നൽകിയിട്ടുള്ള പൈപ്പ് കണക്‌ഷനിലൂടെ ലഭിക്കുന്ന വെള്ളം ജീവനക്കാർക്കു പ്രാഥമിക ആവശ്യങ്ങൾക്കു പോലും തികയുന്നില്ല. വീടുകൾക്കു നൽകുന്ന കണക്‌ഷനാണ് അഗ്നിശമനരക്ഷാനിലയത്തിനു ജല അതോറിറ്റി നൽകിയിട്ടുള്ളത്. ഈ പൈപ്പ് കണക്‌ഷനിൽ ചില ദിവസങ്ങളിൽ വെള്ളം വരാറുമില്ല.
നാൽപത്തഞ്ചിലേറെ ഉദ്യോഗസ്ഥരുള്ള അഗ്നിശമന രക്ഷാനിലയത്തിൽ ഒരു സമയത്തെ ഡ്യൂട്ടിയിൽ ഇരുപതിലേറെ പേർ ഉണ്ടാകാറുണ്ട്. ഗാർഹിക കണക്‌ഷനിലൂടെ ലഭിക്കുന്ന വെള്ളം ശേഖരിച്ചാണു സ്റ്റേഷനിലെ ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. ഈ വെള്ളം തികയുന്നില്ല. സ്റ്റേഷനിൽ കിണർ ഇല്ല.
കിണർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടും അഗ്നിശമന രക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ അപേക്ഷ നൽകിയിട്ടുണ്ട്. തീപിടിത്തം ഉണ്ടാകുമ്പോൾ വലിയ തോതിൽ വെള്ളം എടുക്കാൻ സഹായമാകുന്ന ഹൈഡ്രന്റുകൾ അങ്കമാലി ടൗണിലോ പരിസരപ്രദേശങ്ങളിലോ ഇല്ല. ദേശീയപാതയ്ക്കരികിൽ മുനിസിപ്പൽ ബസ് സ്റ്റേഷനു സമീപം നേരത്തെ ഉണ്ടായിരുന്ന ഒരു ഹൈഡ്രന്റ് ജല അതോറിറ്റി ഒഴിവാക്കി.
അഗ്നിശമനരക്ഷാസേനയുടെ ഫയർ എൻജിൻ വാഹനങ്ങളുടെ ടാങ്കുകളിൽ വെളളം നിറയ്ക്കുന്നതിനു സ്ഥിരം സംവിധാനമില്ല. തീ കെടുത്തുന്നതിനായി വ്യവസായ സ്ഥാപനങ്ങളിലെയും മറ്റും ജലസംഭരണികളെ ആശ്രയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സ്ഥിരമായി വെള്ളം എടുത്തുകൊണ്ടിരുന്ന ഒരു സ്ഥാപനത്തിലെ പൈപ്പ് തകരാറിൽ ആയതിനാൽ അവിടെ നിന്നു വെള്ളം ലഭിക്കുന്നില്ല.
ജില്ലയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ അഗ്നിശമനരക്ഷാനിലയങ്ങളിലൊന്നാണ് അങ്കമാലി.ഈ വർഷം ഇന്നലെ വരെ 77 കേസുകളാണ് ഉണ്ടായത്. ഇതിൽ മുപ്പതോളം കേസുകൾ തീപിടിത്തവുമായി ബന്ധപ്പെട്ടാണുള്ളത്. വേനൽ കടുക്കുമ്പോൾ പുല്ലിനു തീപിടിക്കുന്ന കേസുകൾ കൂടും. അവിടെയൊക്കെ അഗ്നിശമനരക്ഷാസേനയുടെ സേവനം വേണം.
ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു ജല അതോറിറ്റിക്കു നൽകിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള പ്രധാന ലൈനിൽ ഹൈഡ്രന്റ് സ്ഥാപിച്ചാലേ അഗ്നിശമനരക്ഷാസേനയ്ക്കു ഹൈഡ്രന്റ് പ്രയോജനപ്പെടുകയുള്ളൂ. അങ്കമാലി ടൗണിനു സമീപം എംസി റോഡിന് അരികിലൂടെ പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്തു ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്.
ടൗണിൽ വിവിധ സ്ഥലങ്ങളിൽ ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന് അഗ്നിശമന രക്ഷാസേന ആവശ്യപ്പെട്ടു തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി.
പുതിയ അപേക്ഷ നൽകിയിട്ടു 2 വർഷമായിട്ടും നടപടി ഉണ്ടായിട്ടില്ല. 2010ൽ ടി ബി ജംക്‌ഷൻ നഗരസഭ ഓഫിസ് പരിസരം എൽഎഫ് ജംക്‌ഷൻ ചമ്പന്നൂർ എന്നിവിടങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
എന്നാൽ നഗരസഭയുടെ ഭാഗത്തു നിന്നു പിന്നീടു നടപടി ഉണ്ടായില്ല.ടൗണിൽ കെ ജി ആശുപത്രി മുതൽ ടെൽക് വരെയും എംസി റോഡിൽ അമലോത്ഭവ മാത കപ്പേള വരെയുള്ള വഴികൾക്ക് ഇരുവശവും പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, വസ്ത്ര വ്യാപാരസ്ഥാപനങ്ങൾ, റബർ, ലെതർ, പ്ലാസ്റ്റിക്, ഓയിൽ, പടക്കക്കടകൾ തുടങ്ങി പെട്ടെന്നു തീപിടിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ചമ്പന്നൂർ വ്യവസായ മേഖലയിൽ രാസപദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന ഒട്ടേറെ കമ്പനികളുണ്ട്. ഈ കമ്പനികളിൽ പലതിനും തീപിടിത്തം ഉണ്ടായിട്ടുണ്ട്.