പാരിസ്:
ഉഭയകക്ഷി വിനിമയം വർധിപ്പിക്കാനും തീരദേശ, ജലപാത അടിസ്ഥാന സൗകര്യങ്ങളിൽ സഹകരിക്കാനുമുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവെച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ ത്രിദിന ഫ്രാൻസ് സന്ദർശനത്തിനിടെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാനുമായി ചർച്ച നടത്തി ഞായറാഴ്ചയാണ് കരാർ ഒപ്പിട്ടത്.
സമുദ്രവ്യാപാരം, നാവിക വ്യവസായം, മത്സ്യബന്ധനം, സമുദ്ര സാങ്കേതികവിദ്യ, ശാസ്ത്രഗവേഷണം, സമുദ്ര നിരീക്ഷണം, സമുദ്ര ജൈവവൈവിധ്യം, സമുദ്ര ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പരിപാലനം, സംയോജിത തീരദേശ പരിപാലനം, മറൈൻ ഇക്കോ ടൂറിസം, ഉൾനാടൻ ജലപാതകൾ, ഭരണകൂടങ്ങൾ തമ്മിലുള്ള സഹകരണം എന്നിവ ഉൾപ്പെടുന്നതാണ് കരാർ.