Mon. Dec 23rd, 2024
തിരുവനന്തപുരം:

മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ലെന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.

സ്വപ്ന സുരേഷിന്‍റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയില്‍ ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം ഉത്തരം നല്‍കി. എംഎല്‍എ എം വിന്‍സെന്‍റിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ശിവശങ്കര്‍ പുസ്തകം എഴുതാന്‍ അനുമതി വാങ്ങിയിരുന്നോ എന്ന് മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. എന്നാൽ ശിവശങ്കർ പുസ്തകം എഴുതിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു.

താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കുമെതിരെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.