Mon. Dec 23rd, 2024
ഗാന്ധിനഗർ:

കുട്ടികളുടെ ആശുപത്രിയിൽ(ഐസിഎച്ച്‌) പേ വാർഡിൽ ഇനി വെന്റിലേറ്റർ സൗകര്യവും. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി വാർഡുകളിലെ ഐസിയു ഉൾപ്പെടെ നവീകരിച്ച്‌ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. പേ വാർഡിലെ 24 മുറികളിലും ഓക്‌സിജൻ, സക്‌ഷൻ സംവിധാനം ഒരുക്കി എയർലൈനും സ്ഥാപിച്ചു.

ഇതോടെ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ മുറികളിൽ കുട്ടികളെ ചികിത്സിക്കാം. പുതിയ ഓക്സിജൻ പ്ലാന്റും സ്ഥാപിച്ചു. കെഎച്ച്‌ആർഡബ്ല്യു എസിന്റെ പേവാർഡിൽ 10 ലക്ഷം രൂപ മുടക്കിയാണ്‌ പുതിയ സംവിധാനങ്ങൾ ഒരുക്കിയത്‌.

ഒന്നരക്കോടി രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന നെഗറ്റീവ്‌ പ്രഷർ ഐസിയു ഉടൻ പ്രവർത്തന സജ്ജമാകും. നെഗറ്റീവ്‌ പ്രഷർ ഐസിയുവിൽ സ്ഥിരമായി ശുദ്ധവായു നിലനിർത്തുന്നതിനാൽ രോഗികൾക്ക്‌ അണുബാധയേൽക്കാതെ സംരക്ഷിക്കും. അഞ്ചാംവാർഡിൽ ഐസിയുവിന്റെയും ബേൺഡ്‌ യൂണിറ്റിന്റെയും നവീകരണം പുരോഗമിക്കുന്നു.

എൻഎച്ച്‌എം സഹായത്തോടെ രണ്ടാംവാർഡിൽ ഗുരുതര രോഗികൾക്ക്‌ 20 കിടക്കകളുള്ള ഹൈ ഡിപെൻഡൻസി വാർഡ്‌  ഉടൻ നിർമിക്കുമെന്നും ആശുപത്രിയുടെ വികസന പദ്ധതികൾക്ക്‌ എല്ലാ സഹായവും നിർദേശങ്ങളും മന്ത്രി വി എൻ വാസവൻ  നൽകുന്നുണ്ടെന്നും സൂപ്രണ്ട്‌ ഡോ കെ പി ജയപ്രകാശ്‌ പറഞ്ഞു.