ന്യൂഡൽഹി:
സംഘടിത മേഖലയിൽ 15,000 രൂപക്കു മുകളിൽ മാസശമ്പളം വാങ്ങുന്ന തൊഴിലാളികൾക്കായി പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നീക്കം. കൂടുതൽ നിക്ഷേപമുള്ള ജീവനക്കാർക്ക് അതിന് ആനുപാതികമായി പെൻഷൻ നൽകാനാണ് ഒരുങ്ങുന്നത്. ഇത് ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ എന്ന ആവശ്യം അട്ടിമറിക്കാനാണെന്ന ആശങ്കയിലാണ് ജീവനക്കാർ.
ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന് നേരത്തെ കേരള ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഇ പി എഫ് ഒയും കേന്ദ്ര സർക്കാറും നൽകിയ ഹരജികൾ സുപ്രീം കോടതിയിൽ നിലനിൽക്കേയാണ് പുതിയ നീക്കം.
പെൻഷൻ തുക ഉയർത്താൻ പദ്ധതിയുണ്ടാക്കിയെന്ന് കാണിച്ച് സുപ്രീംകോടതിയിൽ കേസ് ദുർബലപ്പെടുത്താനാണ് ഇതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ശമ്പളവും സേവനകാലയളവും പരിഗണിക്കാതെ നിക്ഷേപം മാത്രം പരിഗണിക്കുന്നത് പി എഫ് പെൻഷന്റെ പ്രസക്തി തന്നെ നഷ്ടമാകാൻ കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു