ന്യൂഡൽഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൈക്കിൾ പരാമർശം തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഗ്രാമീണ ഇന്ത്യയുടെ പ്രതീകമായ സൈക്കിളിനെ മോദി അപമാനിച്ചു എന്ന് അഖിലേഷ് യാദവ് പറഞ്ഞു. അഹമ്മദാബാദ് സ്ഫോടനക്കേസിൽ 38 പേർക്ക് വധശിക്ഷ കിട്ടിയത് നരേന്ദ്ര മോദി ഇന്നലെ യുപിയിലെ റായിലിയിൽ ഉന്നയിച്ചിരുന്നു.
സൈക്കിളിലാണ് ബോംബ് വച്ചത് എന്ന് എടുത്ത് പറഞ്ഞതും ചർച്ചയായി. സമാജ് വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം സൈക്കിളാണെന്നിരിക്കെ മോദി എന്താണ് ലക്ഷ്യം വച്ചതെന്ന് വ്യക്തമായിരുന്നു. മോദിയുടെ വാക്കുകൾ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് അഖിലേഷ് യാദവ് തിരിച്ചടിച്ചു.
സൈക്കിൾ ഗ്രാമീണ ഇന്ത്യയുടെ പ്രതീകമാണ്. സാധാരണക്കാർ ഉപയോഗിക്കുന്നതാണ്. സൈക്കിളിനെയും ഭീകരതയെയും കൂട്ടിക്കെട്ടാനുള്ള ശ്രമം വിജയിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. മൂന്നാം ഘട്ടം കൂടി കഴിഞ്ഞപ്പോൾ അഖിലേഷ് യാദവ് കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
പകുതിയിലധികം സീറ്റുകൾ ഈ ഘട്ടത്തിൽ നേടാനായെന്നാണ് എസ്പിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് ആർക്കും 200 സീറ്റ് കിട്ടാത്ത സാഹചര്യത്തെക്കുറിച്ചും ചില നിരീക്ഷകർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എല്ലാ നേതാക്കളെയും രംഗത്തിറക്കി കിഴക്കൻ യുപി തൂത്തുവാരാനാണ് ഈ സാഹചര്യത്തിൽ ബിജെപി ശ്രമം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് രണ്ട് മുതൽ മൂന്നു ദിവസം വാരാണസിയിൽ തങ്ങി പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കും. മൂന്നു ഘട്ടങ്ങൾ യുപിയിൽ പൂർത്തിയായപ്പോൾ തൂക്കുനിയമസഭയ്ക്കുള്ള സാധ്യതയും ചർച്ചയാവുകയാണ്.