മുംബൈ:
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരത് പവാർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (കെസിആർ) മുംബൈയിൽ. ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്നതടക്കമുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെയും ബിജെപിക്ക് ബദലായി പ്രതിപക്ഷ ഐക്യത്തിനും മുന്നിട്ടിറങ്ങിയ കെസിആറിനെ ഉദ്ധവ് താക്കറെ മുംബൈയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഉച്ചക്ക് ഉദ്ധവിനെ കണ്ടശേഷം പവാറിന്‍റെ വീട്ടിലെത്തും. തുടർന്ന് ഹൈദരാബാദിലേക്ക് മടങ്ങും.
ബുധനാഴ്ചയാണ് ബിജെപിക്കെതിരെയുള്ള നീക്കത്തിന് പിന്തുണ അറിയിച്ചും മുംബൈയിലേക്ക് ക്ഷണിച്ചും ഉദ്ധവ് കെസിആറിനെ വിളിച്ചത്. കൃത്യസമയത്താണ് കെസിആർ കേന്ദ്ര നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയതെന്നും ഉദ്ധവ് പറഞ്ഞു. ജനതാദൾ-എസ് പ്രസിഡന്‍റ് എച്ച്.ഡി. ദേവഗൗഡ, പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി എന്നിവരെയും പിന്നീട് കെസിആർ സന്ദർശിക്കും.