ആലപ്പുഴ:
വീട്ടുപടിക്കൽ ഓട്ടോയും കാറുമൊക്കെ എത്തിയിരുന്ന പഴയകാലത്തേക്ക് തിരിച്ചുപോകാനാണ് കൈനകരി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ താമസിക്കുന്ന ഇരുപത്തഞ്ചിലധികം കുടുംബങ്ങൾക്ക് ഇഷ്ടം. കന്നിട്ടപറമ്പ് പാലം മുതൽ എൻഎസ്എസ് കരയോഗം വരെ ഒരു കി മീ ദൂരത്തിൽ വാഹനമോടിയിരുന്ന വീതിയേറിയ പാത ‘നടവഴി’യായി മാറിയപ്പോൾ നേരിട്ട ദുരിതങ്ങൾ പറഞ്ഞാൽ തീരില്ല. കിടപ്പുരോഗികളുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്.
രാത്രിയും പകലും രോഗം മൂർച്ഛിച്ചാൽ വാഹനം കടന്നെത്താത്ത റോഡിലൂടെ രോഗിയെ കസേരയിലിരുത്തി നാലുപേർ ചുമന്നാണ് ആശുപത്രിയിൽ എത്തിക്കുന്നത്. പലപ്പോഴും ഇവർക്ക് സഹായമായെത്തുന്നത് അയൽവാസികളാണ്. അടുത്തിടെ, പാതയെ ആശ്രയിച്ച് ജീവിക്കുന്ന അർബുദ ബാധിതനായ പ്രസന്നൻ മരിച്ചപ്പോഴും ചുമന്നാണ് മൃതദേഹം കൊണ്ടുപോയത്.
റോഡിന് സമാന്തരമായുള്ള തോട്ടിൽ പോളയും മാലിന്യവും അടിഞ്ഞതിനാൽ വള്ളത്തിൽപോലും രോഗികളെ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.
സ്വന്തം വാഹനങ്ങൾ പൊതുവഴിയിൽ പാർക്ക് ചെയ്തിട്ട് കാൽനടയായാണ് വീട്ടിലേക്കുള്ള യാത്ര. മഴക്കാലമെത്തിയാൽ ചളിനിറഞ്ഞ് അതും അസാധ്യമാകും.
സമീപത്തെ പഴൂർ പാടശേഖരത്തിലേക്ക് വെള്ളം കയറാതിരിക്കാൻ ബണ്ട് കെട്ടിയതോടെയാണ് വീതിയേറിയ പാത അടഞ്ഞത്. വേനൽക്കാലത്ത് ബൈക്ക് മാത്രമാണ് ഓടിക്കാനാവുക. 2008ൽ ജി സുധാകരൻ മന്ത്രിയായിരിക്കെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്ന രീതിയിൽ പ്രദേശത്തേക്ക് റോഡ് തുറന്നത്.
തുടക്കത്തിൽ കാറും ഓട്ടോയും ഉൾപ്പെടെ ചെറുവാഹനങ്ങൾ വീട്ടിലെത്തിയിരുന്നു. കുറെക്കാലം അത് ആശ്വാസവുമായിരുന്നു. കാലവർഷത്തിലും അപ്രതീക്ഷിത വെള്ളപ്പൊക്കത്തിലും മടവീഴ്ചയാണ് പ്രധാനവില്ലനായത്.
സമീപത്തെ കൃഷിസംരക്ഷിക്കാൻ ബണ്ടുപിടിച്ചാണ് നാൾക്കുനാൾ വഴി ഇല്ലാതായത്. സമീപത്തെ തോട്ടിൽനിന്ന് എക്സ്കവേറ്റർ ഉപയോഗിച്ച് ചളികുത്തിയായിരുന്നു ബണ്ട് നിർമാണം. ഇതിനൊപ്പം തോടിന്റെ വശംകൂടി ഇടിഞ്ഞതോടെ റോഡിന്റെ വീതി കാൽനട മാത്രമായി ചുരുങ്ങി. ഇവരുടെ രോദനം കേൾക്കാൻ അധികൃതരും തയാറാവുന്നില്ല.
പരാതിയുമായി പഞ്ചായത്തിൽ എത്തിയാൽ സംരക്ഷണഭിത്തി കെട്ടാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന പതിവ് മറുപടിയാണ് കിട്ടുക. വീതികൂട്ടലുമായി ബന്ധപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. വോട്ടുചോദിച്ചെത്തിയ രാഷ്ട്രീയക്കാരടക്കം എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനൽകി മടങ്ങിയെങ്കിലും പരിഹാരമുണ്ടായില്ല.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദിന്റെ സ്വന്തം വാർഡിലാണ് ഈ ദുരവസ്ഥ. വഴിയുടെ പേരിൽ കൂടെയെത്തിയ ദുരിതത്തെ ഏങ്ങനെ നേരിടണമെന്ന് അറിയാതെ പലകുടുംബങ്ങളും പകച്ചുനിൽക്കുകയാണ്. സംരക്ഷണഭിത്തി നിർമിച്ച് പഴയവീതിയിൽ റോഡ് പുനഃസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.