Sat. Jan 18th, 2025
കൽപ്പറ്റ:

വേനൽ കനത്തതോടെ കടുത്ത ചൂടിൽനിന്നും രക്ഷതേടി വന്യമൃഗങ്ങൾ കാടിറങ്ങുന്നു. വെള്ളവും ഭക്ഷണവും തേടിയാണ്‌ മൃഗങ്ങൾ നാട്ടിലെത്തുന്നത്‌. വ്യാഴം ബത്തേരി നഗരത്തിനടുത്ത്‌ കിണറ്റിൽ വീണത്‌ ഇത്തരത്തിൽ നാട്ടിലെത്തിയ കടുവക്കുട്ടിയാണെന്നാണ്‌ നിഗമനം.
അമ്മക്കടുവയ്‌ക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്‌.

വേനൽച്ചൂടിൽ വനത്തിലെ പുൽമേടുകളും മറ്റും കരിഞ്ഞുണങ്ങി. നോർത്ത്‌ വയനാട്‌ ഫോറസ്‌റ്റ്‌ ഡിവിഷനിലെ ബ്രഹ്മഗിരി മലനിരകളിലും റസൽക്കുന്നിലും മറ്റും ഏക്കർ കണക്കിന്‌ പുൽമേടുകൾ ഉണങ്ങി. പകൽ സമയത്തെ കടുത്ത വെയിലിൽ വനത്തിനകത്തെ ജലാശയങ്ങളും അരുവികളും വറ്റിത്തുടങ്ങി.

വന്യമൃഗങ്ങൾക്കായി കാട്ടിൽ കുഴിച്ച കുളങ്ങളിലും ജലനിരപ്പ്‌ കുറവാണ്‌. വരൾച്ച രൂക്ഷമായ തമിഴ്‌നാട്‌, കർണാടക വനങ്ങളിൽ ‌ നിന്നും വയനാട്‌ വന്യജീവി സങ്കേതത്തിലേക്ക്‌ വന്യമൃഗങ്ങളുടെ പലായനവും തുടങ്ങി. ഈ സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽനിന്നും കാട്ടാനകളും കടുവകളും അടക്കമുള്ള മൃഗങ്ങൾ സുരക്ഷിത താവളം തേടി വയനാടൻ വനത്തിലേക്ക്‌ സഞ്ചരിക്കുന്നത് വനത്തിനുള്ളിലെ ‌പതിവ്‌ കാഴ്‌ചയായി.

നാഗർഹോള, ബന്ദിപ്പൂർ, മുതുമല തുടങ്ങിയ വനങ്ങളേക്കാൾ ഭക്ഷണവും വെള്ളവും വയനാടൻ കാടുകളിലാണുള്ളത്‌. ഇതാണ്‌ ഈ മൃഗങ്ങളുടെ ദേശാടനത്തിന്‌ കാരണം.