Fri. Nov 22nd, 2024
മോസ്​കോ​:

യുക്രെയ്​ൻ അതിർത്തിയിൽ റഷ്യ കൂടുതൽ ഹെലികോപ്​ടറുകൾ വിന്യസി​ച്ചെന്ന്​ റിപ്പോർട്ട്​. ഇതിന്‍റെ ഏറ്റവും പുതിയ സാറ്റ്​ലൈറ്റ്​ ചിത്രങ്ങൾ മാക്സാർ ടെക്​നോളജി പുറത്ത്​ വിട്ടു. പുതിയ ഹെലികോപ്​ടർ യൂനിറ്റും ടാങ്കുകളും ആയുധാരികളായ സൈനികരും ഉൾപ്പെടുന്ന പുതിയ യുദ്ധസംഘത്തേയും റഷ്യ വിന്യസിച്ചുവെന്നാണ്​ സൂചനകൾ.

മിലേറോവ്​ എയർഫീൽഡിലാണ്​ സൈനിക വിന്യാസം. യുക്രെയ്​ൻ അതിർത്തിയിൽ നിന്നും 16 കിലോ മീറ്റർ മാത്രം അകലെയാണ്​ റഷ്യയുടെ ഈ സൈനിക കേന്ദ്രം.

20ഓളം ഹെലികോപ്​ടറുകൾ ഉൾപ്പെടുന്ന മറ്റൊരു യൂനിറ്റ്​ വാലുകിയിലും റഷ്യ വിന്യസിച്ചിട്ടുണ്ട്​. യുക്രെയ്​ൻ അതിർത്തിയിൽ നിന്നും 27 കിലോ മീറ്റർ അകലെയാണ്​ ഈ സൈനികതാവളം. നേരത്തെ ബെൽഗെറോഡിലും റഷ്യ ഹെലികോപ്​ടറുകൾ വിന്യസിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മറ്റ്​ സ്ഥലങ്ങളിലും റഷ്യ സൈനിക വിന്യാസം ശക്​തമാക്കുന്നത്​.