കൊച്ചി:
സാധാരണക്കാർ വീടുനിർമാണ അപേക്ഷയുമായി കോർപറേഷൻ ഓഫിസിൽ കയറിയാൽ പിന്നെ നിയമത്തിന്റെ നൂലാമാലകൾ പലതും ഉയർത്തും ഉദ്യോഗസ്ഥർ. എന്നാൽ, കൺമുന്നിലെ അനധികൃത നിർമാണങ്ങൾക്കും വസ്തു നികുതി വെട്ടിപ്പിനും എതിരെ കണ്ണുമടക്കും.
ഇക്കാര്യങ്ങൾക്ക് തെളിവുകൾ നിരത്തുകയാണ് 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. കേസുകളുടെ മറവിൽ നികുതി പിരിക്കുന്നത് ഒഴിവാക്കിയും ഒരേ കെട്ടിട നമ്പർ ഒന്നിലേറെ കെട്ടിടങ്ങൾക്ക് അനുവദിച്ചു നൽകിയും ഉദ്യോഗസ്ഥർ ചട്ടലംഘനത്തിന് കൂട്ടുനിൽക്കുന്നതായി റിപ്പോർട്ടിലുണ്ട്. ഡോർമിറ്ററി സൗകര്യമായി അനുവദിച്ച കെട്ടിടത്തിൽ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിലൂടെ നികുതിയിനത്തിൽ വലിയ വെട്ടിപ്പുകളും നിർബാധം നടക്കുന്നു.