ആറ്റുകാൽ:
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ആയിരങ്ങള്‍. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ പകര്‍ന്നത്. ഇതേ സമയം നഗരത്തിലെ വിവിധ വീടുകളിൽ ഒരുക്കിയ പൊങ്കാല അടുപ്പുകൾകളിലും തീ പകർന്നു. ഉച്ചക്ക് 1.20നാണ് പൊങ്കാല നിവേദ്യം.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്. തോറ്റംപാട്ടിൽ രൗദ്രഭാവം പൂണ്ട ദേവി പാണ്ഡ്യ രാജാവിനെയും വധിക്കുന്ന ഭാഗം പാടിത്തീർന്നതോടെയാണ് അടുപ്പു വെട്ട് ചടങ്ങ് നടന്നത്.
തോറ്റംപാട്ട് അവസാനിച്ചപ്പോൾ തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്കു നല്‍കി. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ തെളിച്ചശേഷം അതേദീപം സഹമേൽശാന്തിക്കു കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും 11 മണിയോടെ തീ പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.